സുകൃതം വെല്ലുന്നു ഭവദീയം;ഗിരി-
ഗുഹകളേ! നിങ്ങളിവമൂലം
മുഖരിതങ്ങളായ് സ്തുതിചെയ്യുന്നല്ലോ
നിഖിലനാഥനെ- ഭഗവാനേ! 99
(ശരണമയ്യപ്പാ)
തപനനൻ തൻ പങ്കമകലുമാറുപോ-
യപരസിന്ധുവിൽ മുഴുകുന്നു.
ശബരിമാമലമകരദീപത്തെ-
സ്സപദിവന്ദിപ്പാൻ- ഭഗവാനേ! 100
(ശരണമയ്യപ്പാ)
കതിരവാ! നീ വാ പഴുതേ ഖദ്യോത-
പദവിപോയതിൽപ്പതറാതെ;
ദ്രുതമിങ്ങെത്തുക പരമനാം പ്രഭാ-
പതിയെക്കൂപ്പുവാൻ- ഭഗവാനേ! 101
(ശരണമയ്യപ്പാ)
ഭുവനമങ്‌ഗലമണിദീപം ഗർഭ-
ഭവനത്തിൽ ജ്വലിച്ചിളകൊൾവു
നിവിരെത്തുമഞ്ഞപ്പുതുനീരാടിച്ചു
സവിധഭൂമിയെ- ഭഗവാനേ! 102
(ശരണമയ്യപ്പാ)
അനവധി ഭക്തരവിടെ നിർമ്മിച്ച
ഘനസാരശ്വേതശിഖരികൾ
അനലസമ്പർക്കം തടവിടുന്നേരം
കനകശൈലങ്ങൾ!- ഭഗവാനേ 103
(ശരണമയ്യപ്പാ)
പരിചൊടദ്ദിക്കിലെരിയും കർപ്പൂര-
ത്തരികളാം സിദ്ധർ, പരിശുദ്ധർ,
അറുതിയിൽച്ചേരും പരമാത്മാവാം നി-
ന്തിരുവടിയോടു- ഭഗവാനേ! 104
(ശരണമയ്യപ്പാ)
അവിടെക്കാണ്മതെന്തെതിരിൽ നാം? സാക്ഷാൽ
സവിതൃകോടിതന്നുദയമോ?
ഭുവനശില്പിതൻ കരനൈപുണ്യത്തി-
ന്നവധിരേഖയോ?- ഭഗവാനേ! 105
(ശരണമയ്യപ്പാ)
കടമിഴിക്കോണിൻ ചലനത്താൽ വിശ്വം
നടനം ചെയ്യിക്കും പ്രഭുതയോ?
ചടുല ഗാത്രിയാം ഭൃഗുസുതോർവിതൻ
നെടിയ ഭാഗ്യമോ? -ഭഗവാനേ! 106
(ശരണമയ്യപ്പാ)
താൾ:ശരണോപഹാരം.djvu/17
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു