അടിമുതൽ രമ്യം മുടിയോളം ഹാഹാ!
മുടിമുതൽക്കാന്തമടിയോളം
അടിയങ്ങൾക്കേതൊരവയവം കാണ്മാൻ
പടുതയുണ്ടിതിൽ? -ഭഗവാനേ! 115
(ശരണമയ്യപ്പാ)
ത്രിദശനായ്കൻ തൃണസമൻ; പക്ഷേ
മധുരമാമങ്ങേത്തിരുമേനി
പതിവായ്ക്കാണ്മാൻ തന്നയനലാഭത്തിൽ-
ക്കൊതിയുള്ളോർ ഞങ്ങൾ- ഭഗവാനേ! 116
(ശരണമയ്യപ്പാ)
ഒഴിവില്ലാതെയിപ്പിറവിയാഴിയിൽ
മുഴുകുന്നു ഞങ്ങളുയരുന്നു.
കുഴയുന്നു കൈകാ,ലവിടുന്നേയുള്ളു
തുഴയും തോണിയും - ഭഗവാനോ! 117
(ശരണമയ്യപ്പാ)
ശബരിമേട്ടിൽവാണരുളീടും പോലെ
ചപലർ ഞങ്ങൾതന്നകമേയും
വിഭുതയിൽ വാണു വിഹിതമേകുവാൻ
കൃപ പുലമ്പണേ - ഭഗവാനേ! 118
(ശരണമയ്യപ്പാ)
ധരയിതൊക്കെയും ശബരിമേടെന്നും
സ്ഥിരചരവ്യൂഹമഖിലവും
ഹരിഹരാത്മജമയമെന്നും കാണ്മാൻ
തരണമേ മിഴി-ഭഗവാനേ! 119
(ശരണമയ്യപ്പാ)
പരരും ഞങ്ങളും പലരല്ലേകരി-
പ്പരമതത്വമാം പടവേറി
ത്വരിതം ഞങ്ങളിപ്പിറവിയാം കടൽ
തരണംചെയ്യണേ-ഭഗവാനേ! 120
(ശരണമയ്യപ്പാ)
കരുതിടേണ്ടൊരു വിഷയവും ഭവാൻ;
കരുതിടുന്നോനും ഗുരുഭവാൻ!
കരുതുവാനുള്ളപദവിയുമ്മ് ഭവാൻ;
കരുതലും ഭവാൻ-ഭഗവാനേ! 121
(ശരണമയ്യപ്പാ)
ശരണമയ്യപ്പാ! ശരണ,മേതുമോ-
ന്നറിയപ്പോകാത്തൊരടിയങ്ങൾ
പരമങ്ങേക്കൊണ്ടു പലതും ജല്പിച്ചു;
പരിഭവിക്കൊല്ലേ-ഭഗവാനേ! 122
(ശരണമയ്യപ്പാ)
താൾ:ശരണോപഹാരം.djvu/19
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു