൧൦൫൬-ാമാണ്ടിനു മുമ്പിൽ ൟ സംസ്ഥാനത്തിൽ പോലീസ് ഡിപ്പാൎട്ട്മെന്റു പ്രത്യേകമായി തിരിച്ചുവച്ചിട്ടില്ലായിരുന്നു. ദിവാൻപേഷ്ക്കാർതന്റെ ഡിസ്ത്രീക്റ്റിലുള്ള പ്രധാന റവന്യൂ ഉദ്യോഗസ്ഥനും പ്രധാന മജിസ്ത്രേട്ടും പ്രധാന പോലീസ് ഉദ്യോഗസ്ഥനും ആയിരുന്നു. തഹശീൽദാരന്മാർ അവരവരുടെ താലൂക്കുകളിൽ മജിസ്ത്രേട്ടു അധികാരവും പോലീസ് അധികാരവും നടത്തിവന്നു. ൧൦൫൬മാണ്ടു മദ്രാസ് പ്രസിഡൻസിയിലുള്ള പോലീസ് ഏൎപ്പാട്ടിന്റെ രീതിയിൽ പ്രത്യേകമായി ഒരു പോലീസ് സൈന്യം ഏൎപ്പടുത്തപ്പെട്ടു. പോലീസിൽ ചേൎന്നവർ ക്രമപ്രകാരം ആയുധാഭ്യാസം ചെയ്തിട്ടുണ്ടു. ബേറ്റണും വാളും ഉപയോഗിക്കാൻ അവരെ ശീലിപ്പിച്ചിട്ടുണ്ടു. ചിലരെ തോക്കുകൊണ്ടു വെടിവയ്ക്കാനും പഠിപ്പിച്ചിട്ടുണ്ടു. എല്ലാജാതിയിലുള്ള ആളുകളെയും പോലീസിൽ ചേൎക്കും. ക്ലിപ്തപ്പെടുത്തിയിട്ടുള്ള അളവു ശരിയായിരിക്കണം എന്നുമാത്രമെ ആവശ്യമൊള്ളു. പ്രമോഷൻ കിട്ടണമെന്നുവരികിൽ ഏതാനും പരീക്ഷ ജയിച്ചിരിക്കണം എന്നും നിയമമുണ്ടു. ൫൦൯ ചതുരശ്രമയിൽ വിസ്താരത്തിനു ഒരു പോലീസ്കാരൻവീതവും നിൾക്കുന്നു. മുമ്പിലുള്ള അടുത്തൂൺ ചട്ടപ്രകാരം ൩.൦ രൂപാക്കുതാഴ്ന്ന ശമ്പളമുള്ള ജീവനക്കാൎക്കു അടുത്തൂണിനു അവകാശമില്ലായിരുന്നു. ഇപ്പോൾ അവർ ജീവനത്തിലിരുന്ന കാലത്തിന്റെ ദൈൎഘ്യം അനുസരിച്ചു അടുത്തൂണൊ ഇനാമൊ എല്ലാതരത്തിലുള്ള പോലീസുകാൎക്കും കിട്ടത്തക്കവണ്ണം അടുത്തൂൺ ചട്ടവും ഭേദപ്പെടുത്തീട്ടുണ്ടു. ആളുകളെ തിരിച്ചറിയുന്നതിനായി ഉള്ള "ആന്ത്രാപ്പാ മെട്രിക്കൽ" ഏൎപ്പാടു ഏതാനം കൊല്ലത്തെക്കു ഫലവത്തായി നടത്തപ്പെട്ടുവന്നു. എന്നാൽ ബ്രിട്ടീഷ് ഇൻഡ്യയിൽ ൟ ഏൎപ്പാടിനെ മാറ്റി വിരലിൽ ഉള്ള രേഖയെ എടുത്തുവയ്ക്കുന്ന സമ്പ്രദായം നടപ്പാക്കിയതുകൊണ്ടു അതു ഇവിടെയും നടപ്പാക്കപ്പെട്ടു