മറ്റൊരു കൃതിക്കും ഇത്രത്തോളം മഹത്തായ ഒരഭിനന്ദനം നല്കിയിട്ടില്ല. പിന്നീടദ്ദേഹം എനിക്കയച്ചിട്ടുള്ള ഓരോ കത്തിലും സുധാംഗദയെക്കുറിച്ച് എന്തെങ്കിലും ഒരു പ്രസ്താവം കാണുമായിരുന്നു. കലാശാലയിലെ എന്റെ സുഹൃത്തുക്കൾക്കും സംതൃപ്തിയായി. ഉടൻതന്നെ അതച്ചടിപ്പിക്കണമെന്നായി അവരുടെ നിർബന്ധം. സഹജമായുള്ള അലസതമൂലം അതു നോട്ടുപുസ്തകത്തിൽതന്നെ കിടന്നു. അപ്പോഴേയ്ക്കും കലാശാല അടച്ച്, സുഹൃത്തുക്കൾ അങ്ങിങ്ങായി പിരിഞ്ഞു പോയതിനാൽ, പിന്നീടാരും നിർബന്ധിക്കാനുണ്ടായില്ല. അങ്ങനെ രണ്ടുകൊല്ലംകൂടി പഴയ നോട്ടുപുസ്തകത്തിൽത്തന്നെ സുധാംഗദയ്ക്കു കഴിച്ചുകൂട്ടേണ്ടിവന്നു. ഇക്കൊല്ലം തിരുവനന്തപുരത്തു പഠിക്കാനായി വന്നപ്പോൾ മിസ്റ്റർ ടി. എൻ. ഗോപിനാഥൻനായർ അതിന്റെ പ്രസിദ്ധീകരണത്തിൽ വീണ്ടും നിർബന്ധം തുടങ്ങി. അങ്ങനെ, അതിതാ, സൂര്യപ്രകാശം കണ്ടുതുടങ്ങുന്നു...
വിവർത്തനം
പൊതുവേ പറയുകയാണെങ്കിൽ പദാനുപദതർജ്ജിമയെ ഇഷ്ടപ്പെടുന്ന ഒരാളാണു ഞാൻ. പ്രസിദ്ധ സാഹിത്യകാരന്മാരായ ശ്രീ നാലപ്പാട്ടു നാരായണമേനവനും, ശ്രീ എ. ബാലകൃഷ്ണപ്പിള്ളയും ആ മാർഗ്ഗത്തിൽ സ്വച്ഛന്ദം വിഹരിച്ചു വിജയക്കൊടി നാട്ടിയിട്ടുണ്ട്. അവരുടെ പരിഭാഷാപദ്ധതി എനിക്കത്യന്തം പ്രയതരമാണ്. ആ രീതിയെ അവലംബിച്ച് ഫ്രഞ്ച്, റഷ്യൻ, സ്വീഡിഷ്, ജർമ്മൻ, പോളിഷ് തുടങ്ങിയ അനവധി സാഹിത്യങ്ങളിലുള്ള ചെറുകഥകളും ഏകാങ്കനാടകങ്ങളും ഇബ്സന്റെ Doll's House, Wild Duck, ഹാപ്റ്റ്മാന്റെ Hannele, മാറിസ് മെറ്റർലിങ്കിന്റെ Blue Bird, The Betrothal എന്നീ നാടകങ്ങളും ഞാൻ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിവെച്ചിട്ടുണ്ട്. നോവലുകളോ, ചെറുകഥകളോ, നാടകങ്ങളോ പദാനുപദം തർജ്ജിമചെയ്യുന്നതു കൊണ്ട് അവയുടെ ആത്മസൗന്ദര്യത്തിനു വലിയ ഉടവുതട്ടുമെന്ന് തോന്നുന്നില്ല. എന്നാൽ പാശ്ചാത്യസാഹിത്യങ്ങളിൽനിന്നും, കവിതകൾ അതേപടി വിവർത്തനം ചെയ്താൽ അവയുടെ നിസ്സർഗ്ഗസുഷമ നിശ്ശേഷം മങ്ങിപ്പോകുന്നതു കാണാം. അതിനാൽ അല്പം ചില സ്വാതന്ത്ര്യങ്ങൾ പരിഭാഷകനായ കവിക്ക് അനുവദിച്ചുകൊടുത്തേ മതിയാകൂ. ഇംഗ്ലീഷിൽ ഒരൊറ്റവരിയിൽ ഉൾക്കൊള്ളുന്ന ഒരാശയത്തെ, അതിന്റെ ഗഹനതയ്ക്കും പ്രതിഭാദീപ്തിക്കും പറയത്തക്ക ഉടവൊന്നും തട്ടിക്കാതെ, മലയാളത്തിലേക്കു സംക്രമിപ്പിക്കണമെങ്കിൽ, നാലോ, ആറോ-ചില അവസരങ്ങളിൽ എട്ടോ, പത്തോ-വരികൾ വേണ്ടി വന്നേക്കും. എന്നാൽത്തന്നെ അതിന്റെ പരിപൂർണ്ണഭംഗി, എത്ര അനുഗ്രഹീതനായ കവിയായാലും, പരിഭാഷയിൽ പ്രതിഫലിച്ചുകാണുകയില്ല. സംശയമുള്ളവർ നുറുങ്ങുകവിതകളെ വിട്ട്, ഷെല്ലിയുടേയോ ബ്രൗണിങ്ങിന്റെയോ നീണ്ട കാവ്യങ്ങളെ ഒന്നു സമീപിച്ചു നോക്കട്ടെ.