എന്തൊക്കെ കുറ്റം പറഞ്ഞാലും ഒരു കാര്യം തീർച്ചയാണു്. ആ ഗ്രന്ഥത്തിന്റെ ആവിർഭാവത്തിനുശേഷം മലയാലത്തിലെ ഗദ്യസാഹിത്യത്തിനു് ഒരു വലിയ മാറ്റം സംഭവിച്ചിട്ടുണ്ടു് - അഭിനവമായ ഒരുണർവ്വ്! ഇന്നത്തെ പലരുടേയും ഗദ്യശൈലിക്കു് ഒരു കൊഴുപ്പും ഓജസ്സുമുണ്ടു്. 'പാവങ്ങ'ളുടെ സ്വാധീനശക്തി അതിൽ പ്രസ്പഷ്ടമായി കാണപ്പെടുന്നു.
'കാമുകൻ', 'പ്രേതങ്ങൾ'
വിശ്വസാഹിത്യസുധാസ്വാദനതത്പരനും അഗാധപണ്ഡിതനും സഹൃദയാഗ്രേസരനുമായ ശ്രീമാൻ എ. ബാലകൃഷ്ണപിള്ള മോപ്പസാങ്ങിന്റെ ചെറുകഥകൾ, ആ മഹാസാഹിത്യകാരന്റെ തന്നെ 'ബെലാമി' (കാമുകൻ) എന്ന ആഖ്യായിക, നോർവിജിയൻ നാടകകർത്താവായ ഇബ്സൻന്റെ (Henrik Ibsen) 'പ്രേതങ്ങൾ' (The ghosts) എന്ന ഗദ്യനാടകം - ഇത്രയും കൃതികൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. അദ്ദേഹത്തിന്റെ തർജ്ജമയിൽ നാലപ്പാടന്റേതിൽ കാണപ്പെടുന്ന കുളുർമ്മയും പ്രസാദവും അല്പം കുറവാണെങ്കിലും, പ്രസ്തുത കൃതികൾ മലയാൾഇകളിൽ നവീനമായ ഒരു സാഹിത്യാഭിരുചി സഞ്ജനിപ്പിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. കലാവൈശിഷ്ട്യം തികച്ചും കളിയാടുന്ന ഗ്രന്ഥങ്ങളെ അദ്ദേഹം വിവർത്തനത്തിനെടുത്തു. കൈരളി ആകല്പകാലം കൃതജ്ഞതയോടെ അനുസ്മരിക്കുന്ന ഒരു നാമധേയമാണു് ശ്രീമാൻ ബാലകൃഷ്ണപിള്ളയുടേതെന്നു ഞാൻ ദൃഢമായി വിശ്വസിക്കുന്നു.
കുറ്റവും ശിക്ഷയും
റഷ്യയിലെ ഒരു മഹാസാഹിത്യകാരനായ ഡസ്റ്റവസ്കിയുടെ 'Crime and Punishment' എന്ന ആഖ്യായികയുടെ വിവർത്തനമായി 'കുറ്റവും ശിക്ഷയും' എന്ന പേരിൽ ഒരമൂല്യഗ്രന്ഥം കൈരളിക്കു സിദ്ധിച്ചിട്ടുണ്ടു്. എന്നാൽ, അത്ര മഹത്തായ ആ ഗ്രന്ഥത്തിന്റെ ആവിർവഭാവം പോലും അറിഞ്ഞിട്ടുള്ളവരായി കേരളത്തിൽ അധികം പേർ ഉണ്ടായിരിക്കുമെന്നു ഞാൻ വിചാരിക്കുന്നില്ല. ആ ഗ്രന്ഥത്തിന്റെ അൻപതു പ്രതികളെങ്കിലും ഈ അഞ്ചുകൊല്ലങ്ങൾക്കുള്ളിൽ വിറ്റിരിക്കുമോ എന്നു ഞാൻ സംശയിക്കുന്നു. മിസ്റ്റർ നാലപ്പാടന്റെയും ബാലകൃഷ്ണപ്പിള്ളയുടെയും വിവർത്തനത്തോറ്റു സമീപിക്കുകയില്ലെങ്കിലും ആ ഗ്രന്ഥം ഓരോ കേരളീയനും വായിച്ചിരിക്കേണ്ടതാണെന്നു ഞാൻ പറയും. വിശ്വവിഖ്യാതമായ ആ ഉത്തമഗ്രന്ഥത്തിന്റെ വിവർത്തനത്തിനു വിധേയനായി എന്ന അദ്ദേഹത്തിന്റെ കുറ്റത്തിനുള്ള ശിക്ഷയായിരിക്കാം ഒരു പക്ഷേ, ആ ഗ്രന്ഥത്തിന്റെ പ്രചാരവൈരള്യം . എന്റെ ഒരു സുഹൃത്തും സ്വദേശിയുമായ ശ്രീമാൻ ഇടപ്പള്ളി പി. കെ. കരുണാകരമേനവനാണു് ഡാസ്റ്റവസ്കിയെ ആദ്യമായങ്ങനെ കേരളത്തിൽ അവതരിപ്പിച്ചതെന്നോർക്കുമ്പോൾ ഞാൻ അഭിമാനപുളകംകൊള്ളുന്നു.