ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഫ്ലാബേർ എന്ന പ്രഞ്ചുസാഹിത്യകാരന്റെ 'മാഡം ബോവരി' എന്ന പ്രസിദ്ധ ആഖ്യായികയുടെ പരിഭാഷയാണു് ഈ ഗ്രന്ഥം. ഒരു നല്ല സഹൃദയനായ ശ്രീമാൻ എൻ. എൻ. ഇളയതാണു് അതു വിവർത്തനം ചെയ്തിട്ടുള്ളതു്. അദ്ദേഹത്തിന്റെ പരിഭാഷ തികച്ചും രസപ്രദമാണു്. എന്നാൽ മുൻപു പ്രസ്താവിച്ച ഗ്രന്ഥത്തിന്റെ അനുഭവം തന്നെയാണു് അതിനും സംഭവിച്ചിട്ടുള്ളതു് എന്നറിയുന്നു. മോപ്പസാങ്ങിന്റെയും ഫ്ലാബേറിന്റെയും കൃതികൾ, തന്നെ വായിച്ചുരസിക്കണമെന്ന ആഗ്രഹം കൊണ്ടു മാത്രമാണു് ഞാനിപ്പോൾ 'ഫ്രഞ്ച്' പഠിക്കാൻ ഒരുമ്പെട്ടിരിക്കുന്നതു്. ആ ഭാഷയിലെ അതുല്യമായ സാഹിത്യാമൃതം, അല്പമെങ്കിലും, മറ്റൊന്നിലേക്കു പകർത്താതെതന്നെ, ആസ്വദിക്കണമെന്നുള്ള എന്റെ അഭിലാഷം സഫലമായാൽ ഞാൻ കൃതാർത്ഥനായി.

വിവർത്തനങ്ങളോടുള്ള മനോഭാവം

വിവർത്തനഗ്രന്ഥങ്ങളോടു കേരളീയർക്കുള്ള മനോഭാവം എന്താണെന്നു ഞാൻ മുൻപു സൂചിപ്പിച്ച ഗ്രന്ഥങ്ങളുടെ അനുഭവത്തിൽ നിന്നും അനുമാനിക്കാം. "കാന്താസമ്മിതയായ യയാ..." എന്നുരുവിട്ടുകൊണ്ട് അന്ധപ്രലപനങ്ങൾ നടത്തുന്ന, സാഹിത്യലോകത്തിലെ യാഥാസ്ഥിതിക വൈതാളികന്മാരുടെയിടയിൽ ഇന്നവയ്ക്കു വലിയ ഗണനീയതയൊന്നും സിദ്ധിച്ചിട്ടില്ലെങ്കിലും, ലോകോത്തരങ്ങളായ ആ വക ഗ്രന്ഥങ്ങളെ ആഹ്ലാദവായ്പോടെ സ്വാഗതം ചെയ്യുന്ന ഒരു സഹൃദയമണ്ഡലം ഇന്നുതന്നെ കേരളത്തിലുണ്ടെന്നും, മുൻപറഞ്ഞ വൈതാളിക സംഘത്തിന്റെ കാലം കഴിഞ്ഞാൽ, പിന്നീടുവരുന്ന ജനപരമ്പര അവയെ കരമുകുളങ്ങളോടെ സ്വീകരിക്കുമെന്നും ഉറപ്പു കരുതാം. പുസ്തകരൂപത്തിൽ ഒന്നും ഇതുവരെ കണ്ടീട്ടില്ലെങ്കിലും മിസ്റ്റർ കെ. പി. ശങ്കരമേനവൻ ഒട്ടേറെ ചെറുകഥകളും ഏകാങ്കനാടകങ്ങളും മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ടു്. അവയെ പുസ്തകരൂപത്തിൽ അവതരിപ്പിക്കണമെന്നും, വീണ്ടും വിവർത്തനസംരംഭം തുടരണമെന്നും ഞാനദ്ദേഹത്തോടപേക്ഷിക്കുന്നു.

യാഥാസ്ഥിതികന്മാരുടെ മർക്കടമുഷ്ടി

കാളിദാസനും, ഭവഭൂതിയും, മാഘനും മറ്റും എത്രയോ കാലമായി കേരളീയർക്കു പരിചപ്പെട്ടിട്ടുള്ളവരാണു്! അവരുടെ അനേകം കൃതികൾ ഇന്നു മലയാളത്തിലുണ്ടു്. അവർ മഹാരഥന്മാരല്ലെന്നു പ്രജ്ഞയുള്ളവരാരും തന്നെ പറയുമെന്നുതോന്നുന്നില്ല. പക്ഷേ, ലോകത്തിൽ അവർ മാത്രമേ വാടാവിളക്കുകളായി മിന്നുന്നുള്ളുവെന്നും, അവരുടെ കൃതികളോടുകൂടി സാഹിത്യത്തിന്റെ പരിധിയെത്തിയെന്നും അവരുമായി താരതമ്യപ്പെടുത്തുമ്പോൾ ആ കനകനക്ഷത്രങ്ങളുടെ മുൻപിൽ മറ്റുള്ളവരെല്ലാം തൈജസകീടങ്ങളാണെന്നു വിചാരിക്കുന്നതു് മൂഢത്വമാണു്. കാളിദാസനോടൊപ്പം ഷേൿസ്പിയറെയും,

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/23&oldid=174554" എന്ന താളിൽനിന്ന് ശേഖരിച്ചത്