ഉത്തമങ്ങളായ സ്വതന്ത്രകൃതികൾതന്നെ നിർമ്മിക്കുവാനുള്ള പ്രാപ്തി അന്നത്തെ സാഹിത്യകാരന്മാർക്കുണ്ടായിത്തീരുമെന്നും ദൃഢമായി വിശ്വസിക്കാം.
നമ്മുടെ ഒരു വലിയ ദൂഷ്യം
സ്വതന്ത്രമായി ചിന്തിക്കുന്നതിൽ മലയാളികൾ സ്വയമേവ വിമുഖന്മാരാണ്. ആ ഇനത്തിൽപ്പെട്ട അന്യന്മാരുടെ ചിന്തകളും അവർ ഇഷ്ടപ്പെടുന്നില്ല. ഒരു മഹാൻ നൂറ്റാണ്ടുകൾക്കു മുൻപു പറഞ്ഞിട്ടുള്ള ഒന്നിനെത്തന്നെ പേർത്തും പേർത്തും അയവിറക്കുവാനാണവർക്കു താത്പര്യം. പണ്ടു ശീലിച്ചിട്ടുള്ള സമ്പ്രദായത്തിൽ നിന്നും അല്പമൊന്നു വ്യതിചലിച്ചു കാണുമ്പോൾ അവരുടെ നെറ്റിയിൽ ചുളിവീഴുന്നു. സാഹിത്യം ആകപ്പാടെ ചെന്ന് അവതാളത്തിൽ ചാടിയെന്ന് അവർ വേവലാതിപ്പെടുന്നു. "രീതിരാത്മാ കാവ്യസ്യ...", "ധർമ്മാർത്ഥകാമമോക്ഷേഷു വൈചക്ഷണ്യം കലാസു ക...", "വാക്യം രസാത്മകം കാവ്യം...", "കാവ്യം യശസേർത്ഥകൃതേ..." എന്നു തുടങ്ങിയ പ്രമാണപ്രണാവങ്ങൾ ഹൃദയവേദനയാടെ ഉച്ചരിച്ചുകൊണ്ട് പ്രസംഗപീഠങ്ങളിലും പ്രത്രമാസികകളിലും കിടന്ന് അക്കൂട്ടർ മരണഗോഷ്ടികൾ കാണിച്ചു മുറവിളികൂട്ടുന്നു. "റിയലിസമേ, നീ സ്വഭാഗോക്തിയാണ്, നീ സംസ്കൃതത്തിലുണ്ട്! മിസ്റ്റിസിസമേ, നീ അന്യാപദേശമാൺ!, നീ രൂപകാതിശയോക്തിയാണ്, നീയും സംസ്കൃതത്തിലുണ്ട്" എന്നിങ്ങനെ പ്രലപിക്കുന്നു.
യഥാർത്ഥമാലോചിച്ചുനോക്കിയാൽ ഇതിനൊന്നും കാര്യമില്ല. കാലഗതിയിൽ മനുഷ്യജീവിതത്തിനുതന്നെ എന്തെല്ലാം പരിണാമങ്ങളാണു സംഭവിക്കുന്നത്! ആ സ്ഥിതിക്ക് ജീവിതത്തോടൊട്ടിപ്പിടിച്ചു നിൽക്കുന്ന സാഹിത്യത്തിനും ചലനം സംഭവിക്കുന്നതിൽ അതിശയിക്കുവാനോ ആവലാതിപ്പെടുവാനോ ഇല്ല.
എത്രയൊക്കെ അണകെട്ടി നിർത്തിയാലും മനുഷ്യഭാവന അവയെ എല്ലാം തട്ടിത്തകർത്ത് സദാ മുന്നോട്ടുതന്നെ ത്വരിതപ്രയാണം ചെയ്തുകൊണ്ടിരിക്കും. വിശ്വസാഹിത്യസമുദ്രത്തിലെ ഒരു കൊച്ചു ജലബിന്ദുമാത്രമാണ്, മലയാളസാഹിത്യം. ആ അലയാഴിപ്പരപ്പിൽ അടിക്കടി കോളിളക്കമുണ്ടായിക്കൊണ്ടിരിക്കുമ്പോൾ, ആ ചലനം, അല്പമായിട്ടെങ്കിലും ആ ജലബിന്ദുവിനെയും എങ്ങനെ ബാധിക്കാതിരിക്കും? സംശ്കൃതപക്ഷപാതികളായ യാഥാസ്ഥിതികപണ്ഡിതന്മാരുടെയും നിരൂപകന്മാരുടെയും സങ്കുചിതമനോഭാവദ്യോതകങ്ങളായ മർക്കടമുഷ്ടികൾക്കു വഴിങ്ങിക്കൊടുത്തിരുന്നുവെങ്കിൽ നമ്മുടെ സാഹിത്യം എത്രയോനാൾ മുൻപുതന്നെ മുരടിച്ചുപോയേനേ! ഇന്നതു തളിർപൊടിച്ചു വരുന്നുണ്ടെന്നും ഒരുകാലത്തു പുഷ്പഫലാവകീർണ്ണമായി പരിലസിക്കുമെന്നും നമുക്കാശിക്കാം.