ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാര്യത്തിൽ വലിയ ഒരു വ്യത്യാസമുണ്ട്. അഫ്രോഡെയ്റ്റ് എന്നത് ‘വീനസ്സി’ന്റെ മറ്റൊരു പേരാണ്. ‘അഫ്രോസ്’(നുര) എന്ന പദത്തിൽ നിന്നാണ് അഫ്രോഡെയ്റ്റ് എന്ന പേർ വീനസ്സിനു കിട്ടിയത്—കടലിലെ നുരകളിൽനിന്നും ഉയർന്നുവന്നവൾ. എന്നാൽ വീനസ്സ് പ്രേമത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയാണ്. സൈപ്രസ് ദ്വീപിന്റെ പടിഞ്ഞാറേ തീരത്തുള്ള പഫോസ് പുരാതനനഗരത്തിനു തൊട്ടുകൊടക്കുന്ന സമുദ്രത്തിൽനിന്നായിരുന്നു വീനസ്സിന്റെ ജനനം. വീനസ്സ് എന്ന പദം കേൾക്കുമ്പോൾതന്നെ അപ്രമേയമായ ഒരു സൗന്ദര്യത്തിന്റെ പ്രതീതിയാണു നമുക്കുണ്ടാവുക. അതുപോലെ ലോകൈകസുന്ദരിയായ ഒരു പ്രണയിനിയെയാണ് പാരീസിനു കൊടുക്കാമെന്ന് അവൾ പറയുന്നതു. ആകയാൽ അവളുടെ സ്ഥാനത്ത് ‘രതീദേവി’യെ കല്പിക്കുന്നത് ഏറ്റവും സമുചിതമായിരിക്കുമെന്ന് എനിക്കു തോന്നി.

7.ഐറിസ് (ഇറിസ്)—മാദ്രിക

മഴവില്ലിന്റെ ദേവതയാണ് ഇറിസ്. ദേവകളുടെ, വിശേഷിച്ചും ബ്യൂണോ(ഹേരേ)വിന്റെ ദൂതിയായിട്ടാണ് യവനന്മാരുടെ ഇതിഹാസങ്ങളിൽ അവളെ ചിത്രീകരിച്ചിട്ടുള്ളത്. ഈനോണിൽ ഇവളെക്കുറിച്ച് ഒരു സൂചനമാത്രമേയുള്ളൂ—അവളുടെ നാമധേയം ആ കൃതിയിൽ അത്ര പ്രാധാന്യമുള്ളതൊന്നുമല്ല. അവളുടെ സ്ഥാനത്ത് കലഹത്തിനു കാരണക്കാരിയായി ‘മാദ്രിക’ എന്ന ഒരു യക്ഷിയെ അവതരിപ്പിച്ചിരിക്കുന്നു.

മൂലകൃതിയിൽനിന്നും പ്രധാനമായി ഈ മാറ്റങ്ങളേ ഞാൻ വരുത്തിയിട്ടൂള്ളു. എന്നാൽ കവിതയിൽ എന്റെ സ്വന്തമായി പല ആശയങ്ങളും കടന്നുകൂടിയിട്ടുണ്ടെന്നു പറയാം. ഈ മുഖവുരയുടെ ആദ്യഭാഗത്ത് അതിനൊരുദാഹരണം ഞാൻ പ്രത്യേകമെടുത്തു കാണിച്ചിട്ടുണ്ടല്ലോ. എവിടെയെല്ലാമാണ് അങ്ങനെ സംഭവിച്ചിട്ടുള്ളതെന്നു പ്രത്യേകം പ്രത്യേകം എടുത്തു ചൂണ്ടിക്കാണിക്കുവാൻ ഈ മുഖവുരയിൽ നിവൃത്തിയില്ല.

ടെന്നിസൺ

ഈ കൃതി പഠിക്കുമ്പോൾ ഇതിനാധാരമായ മൂലകൃതിയുടെ കർത്താവിനെയും അദ്ദേഹത്തിന്റെ കവിതാപദ്ധതിയെയും കുറിച്ച് അല്പമെങ്കിലും അറിഞ്ഞിരിക്കേണ്ട ആവശ്യമുണ്ട്.

ആൽഫ്രെഡ് ടെന്നിസൺ 1809-ആഗസ്റ്റ് 6-ാം തീയതി ലിൻകോൺഷയറിയിൽ, സോമേഴ്സ്ബി എന്ന സ്ഥലത്തു ജനിച്ചു. ശൈശവത്തിൽത്തന്നെ പ്രകൃതിയോട് അതിർകവിഞ്ഞ ഒരു പ്രേമം അദ്ദേഹത്തിന്റെ ഹൃദയത്തിൽ വേരൂന്നി. അഞ്ചുവയസ്സുള്ളകാലത്ത് അദ്ദേഹത്തിന് ‘കാറ്റിൽ, സംസാരിക്കുന്ന ഒരു സ്വരം’ കേൾക്കാമായിരുന്നുവത്രേ. കേംബ്രിഡ്ജിൽ ട്രിനിറ്റികോളേജിൽ പഠിക്കുന്നകാലത്ത് ആർദർ ഹല്ലാം എന്ന ഒരാത്മസുഹൃത്തിനെ അദ്ദേഹത്തിനു കിട്ടി. ആ സ്നേഹിതനോടുള്ള ദൃഢമായ സൗഹാർദ്ദം ആജീവനാന്തം ടെന്നിസൺന്റെ

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/33&oldid=174565" എന്ന താളിൽനിന്ന് ശേഖരിച്ചത്