ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കുന്നിന്നിടംവലം മുന്നുപിന്നൊക്കെയും
കുന്നെന്നമട്ടി,ലണിനിരന്നങ്ങനെ
നോക്കിയാൽ നോട്ടമെത്താതെ, തുടർച്ചയായ്
മേൽക്കുമേൽ മിന്നുന്നു മഞ്ഞണിക്കുന്നുകൾ.
ഉണ്ടവതന്നടിവാരത്തിലായിരം-
തണ്ടലർപൂത്ത തടാകതടിനികൾ
അത്യന്തമോഹന,മാത്മഹർഷപ്രദ-
മുജ്ജ്വത്താമാ നഗവനമണ്ഡലം!


അത്യന്തഖിന്നയായ് തേങ്ങിക്കരഞ്ഞുകൊ-
ണ്ടദ്ദിക്കിലന്നലഞ്ഞെത്തീ ‘സുധാംഗദ’.
തന്നാത്മനാഥനാം, ‘വാസന്തചൂഡ’ നാ-
ലിന്നു, ഹാ, കഷ്ടം, പരിത്യക്തയാണവൾ!
ബന്ധുരഗാത്രനുമാർദ്രനുമാകുമ-
ഗ്ഗന്ധർവ്വനൊത്താ വനനികുഞ്ജങ്ങളിൽ
സന്തോഷപൂർവ്വം രമിച്ചുല്ലസിച്ചോരു
സുന്ദരിയാം ജലകന്യകയാണവൾ!


നഷ്ടമായ്,കഷ്ട, മിന്നാരോമലിൻ കവിൾ-
ത്തട്ടുകൾക്കാ രണ്ടു ചെമ്പനീർപ്പൂവുകൾ!
കോതാതൊതുക്കാതെ പുഷ്പങ്ങൾ ചൂടാതെ
കോമളാപാംഗിതൻ കൂന്തൽച്ചുരുളുകൾ;
പാറിക്കിടന്നൂ, പുറകിലും, തോളിലും,
മാറിലു, മോമൽക്കഴുത്തിനു ചുറ്റിലും;
പൊൻതൂണിലേറിപ്പടർന്നു തൂങ്ങും, നീല-
മുന്തിരിച്ചില്ലപ്പടർപ്പുകൾമാതിരി!


മുന്നോട്ടു കാൽകൾ തളർച്ചയാൽ നീങ്ങാതെ
നിന്നുപോയാ മരച്ചോട്ടിൽ മനോഹരി!
തെല്ലാശ്വസിക്കാ, നുടനൊരു മഞ്ഞണി-
ക്കല്ലിൽ തലചായ്ച്ചിരിക്കുകയായവൾ!
കഷ്ടം, പളുങ്കുമണികൾപോൽ കണ്ണിൽനി-
ന്നിറ്റിറ്റുവീഴുന്നു കണ്ണീർക്കണികകൾ!
ഓരോ നെടുവീർപ്പുമോതുന്നതുണ്ടുള്ളി-
ലോമലാൾക്കൊട്ടുമൊതുങ്ങാത്ത സങ്കടം!


ആണ്ടുനിശ്ശബ്ദതയിങ്കലക്കാടുകൾ
നീണ്ടുകനത്തു തുടങ്ങീ നിഴലുകൾ.
ആടാതെയായ് മരക്കൊമ്പുക,ളൊറ്റയ്ക്കു-
പേടിയാകും!—ശാന്തമായീ സമസ്തവും!


മുന്നിലായ്ക്കണ്ടൂ, സുധാംഗദ, മുന്നോട്ടു
മിന്നിപ്പുളഞ്ഞുപതഞ്ഞുപോം ഗംഗയെ;

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/39&oldid=174571" എന്ന താളിൽനിന്ന് ശേഖരിച്ചത്