ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മെല്ലെയെഴുനേറ്റു കൈകൂപ്പിനിന്നവൾ
ചൊല്ലിനാൾ തേങ്ങിക്കരഞ്ഞുകൊണ്ടിങ്ങനെ:


"അംബികേ, ഗംഗേ, നമസ്തേ, നമോസ്തു തേ
ത്ര്യംബകലാളിതേ, കേൾക്ക നീ, ശർമ്മദേ!
എന്മനസ്പന്ദനം നിന്നുപോംമുൻപു നി—
ന്നെന്മൊഴിക്കൊന്നു നിൻ കർണ്ണമേകംബികേ!


എങ്ങുമിശ്ശൈലവനാന്തരംഗങ്ങളിൽ
തിങ്ങിത്തുളുമ്പുന്നു മദ്ധ്യാഹ്നശാന്തത.
പച്ചിലപ്പൊത്തിൽ, ചിറകൊതുക്കിച്ചെറു—
പക്ഷികൾ വിശ്രമിക്കുന്നൂ നിരാതപം.
ഓട്ടവും ചാട്ടവും നിർത്തിയിരിക്കുന്നു
കാട്ടുപുൽച്ചാർത്തിലായ് പച്ചക്കുതിരകൾ.
പാറപ്പിളർപ്പിനിടയ്ക്കു വെറും നിഴൽ—
പ്പാടുകൾപോൽ വിശ്രമിക്കുന്നു തേളുകൾ.
സദ്രസം വല്ലരിക്കെട്ടുകളിൽ സുഖ—
നിദ്രചെയ്തീടുന്നു പച്ചിലയോന്തുകൾ.
വാടിക്കഴുത്തു ചായ്ക്കുന്നു തുളസികൾ
ആടിടാതാകുന്നു തൈക്കുളിർവല്ലികൾ.
പങ്കജപ്പൂന്തൊട്ടിലിൽ കിടന്നീടുന്നു
തങ്കരേണുക്കൾപുരണ്ട തേനീച്ചകൾ.
വിസ്തൃതമാകുമിക്കാനനവീഥിയിൽ
വിശ്രമിക്കാതുള്ളു ഞാൻ മാത്രമംബികേ!
എന്മിഴി രണ്ടും നിറച്ചു തപ്താശ്രുവാ—
ണെന്മനസ്സിങ്കൽ നിറയെ പ്രണയവും!
പൊട്ടുകയാണെൻ ഹൃദയ,മയ്യോ, മൂടൽ
പെട്ടിതാ മങ്ങിത്തളരുന്നു കണ്ണുകൾ.
കേവലമൊന്നിനും കൊള്ളാത്തൊരിക്ഷുദ്ര—
ജീവിതത്തിങ്കൽ മുഷിഞ്ഞുകഴിഞ്ഞു ഞാൻ!


അംബികേ, ഗംഗേ, നമസ്തേ നമോസ്തു തേ
ത്ര്യംബകളലാളിതേ കേൾക്ക നീ, ശർമ്മദേ!
എന്മനസ്പന്ദനം നിന്നുപോം മുൻപു നി—
ന്നെന്മൊഴിക്കൊന്നു നിൻ കർണ്ണമേകംബികേ!
കേൾക്കൂ, കനിഞ്ഞെൻ മൊഴികൾ, വസുന്ധരേ!
കേൾക്കുവിൻ, മഞ്ഞണിവെള്ളിമലകളേ!
കേൾക്കുവി, നുഗ്രഫണികൾ നിർബ്ബാധമായ്
പാർക്കും ഗഭീരഗിരിഗഹ്വരങ്ങളേ!
നിൽക്കുവിൻ, കേൾക്കുവിൻ, നിങ്ങ,ളിരച്ചാർത്തു
നിർഗ്ഗളിച്ചീടും വനനിമ്‌നഗകളേ!

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/40&oldid=174573" എന്ന താളിൽനിന്ന് ശേഖരിച്ചത്