ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നാലവരിലൊരാൾക്കുമില്ലോമലേ
നിന്നോളമത്രയ്ക്കനുപമസൗഭഗം.
മറ്റാർക്കു കാണും, മനോജ്ഞമാം നിന്റെയീ
നെറ്റിത്തടവും കുടിലാളകങ്ങളും? —
ഒന്നനങ്ങുമ്പോൾ തടിൽക്കൊടിക്കൂമ്പുകൾ
മിന്നിപ്പറക്കും ചടുലനേത്രങ്ങളും? —
കുന്ദമന്ദസ്മിതപ്പൂക്കളുതിരുന്ന
സുന്ദരമാകുമരുണാധരങ്ങളും? —
ഇല്ലില്ല, നിന്നോളമാകർഷകാംഗിയാ—
യില്ല ലോകത്തിൽ മറ്റാരുമോമലേ!"


മല്പ്രിയഗംഗേ, മരിപ്പതിന്മുൻപു ഞാൻ
മദ്വചനങ്ങൾ നീ കേൾക്കുകൊന്നംബികേ!
പിന്നെയച്ചെമ്പനീർപ്പൂവണിച്ചുണ്ടുക—
ളെന്നധരത്തിലമർത്തിസ്സകൗതുകം
ഏതോ കതയൊന്നരുളുവാൻ പോകുന്ന—
രീതിയിൽ വീണ്ടും തുടർന്നു ഹാ മൽപ്രിയൻ:


"സദ്രസം വൈശ്വവണാലയന്തത്തില—
സ്സദ്യയെല്ലാം കഴിഞ്ഞാനന്ദലോലരായ്
ഞങ്ങളതിഥികളോരോ വിനോദങ്ങൾ
തങ്ങളിൽത്തങ്ങളിൽ ചൊന്നുകൊണ്ടങ്ങനെ
വിശ്രമിച്ചീടിനാരാലസൽക്കാഞ്ചന—
വിദ്രുമനിർമ്മിതവിശ്രമശാലയിൽ.
കേൾക്കായി പെട്ടെന്നടുത്ത മച്ചിൽ പല
വാഗ്വാദഘോഷവും മാശിപിടിത്തവും.
അംഗനാരത്നങ്ങൾ മേവുമപ്പൂമച്ചിൽ
ഞങ്ങൾ കടന്നു വിവരമറിയുവാൻ.


ആ മുറിക്കുള്ളിലിരുന്നതാണിദ്ദിവ്യ —
കോമളസ്സ്വർണ്ണലകുചോജ്ജ്വലഫലം!
ആരുമറിഞ്ഞി,ല്ലെവിടെനി, ന്നെപ്പോ, ൾ—
താ, രെന്തിനായ്, കൊണ്ടുവന്നുവെന്നൊന്നുമേ!
ഓർത്തു കുബേര, നസ്സൽക്കാരസദ്യയ്ക്കു
'മാദ്രിക'യെത്താൻ ക്ഷണിക്കാത്ത തെറ്റിനെ!
യക്ഷപുരോഹിതന്മാരിലൊരുവനാം
'ലക്ഷണാാമിത്ര'ന്റെ നന്ദിനിയാണാവൾ.
ആരും ക്ഷണിച്ചതില്ലെങ്കിലും വന്നിതാ
നാരിയവിടെക്കലഹമുണ്ടാക്കുവാൻ,
കഷ്ട, മവളായിരുന്നു, മുറിക്കുള്ളി—
ലിട്ടേച്ചുപോയതപ്പൊൻപക്വമങ്ങനെ.

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/43&oldid=174576" എന്ന താളിൽനിന്ന് ശേഖരിച്ചത്