ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ബ്രൗണിങ്ങ്, ഷെല്ലി, ആശാൻ

ഞാൻ മേൽ പ്രസ്താവിച്ച പദ്ധതിയിൽക്കൂടി യൂറോപ്യൻ സാഹിത്യത്തിലെ ഏതു മഹാകവിയേയും നമുക്കു സ്വാധീനമാക്കാം. എന്നാൽ ബ്രൗണിങ്ങിനെ (Robert Browning) ഒന്നു സമീപിച്ചു നോക്കൂ, അപ്പോഴാണ് നമ്മുടെ അപ്രാപ്തിയുടെ ശരിയായ ആഴം നമുക്കനുഭവപ്പെടുക. പലരുടേയും കവിതകൾ-ലഘുകവിതകൾ-മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബ്രൗണിങ്ങിന്റെ ഒരൊറ്റക്കവിതപോലും നമ്മുടെ ഭാഷയ്ക്കു കിട്ടിയിട്ടില്ല.

പല വശങ്ങളിലും, ബ്രൗണിങ്ങിനെ അല്പമെങ്കിലും സമീപിക്കുന്ന ഒരു കവി മലയാളത്തിൽ ജനിച്ചിട്ടുണ്ടെങ്കിൽ അതു മഹാകവി കുമാരനാശാൻ മാത്രമാണ്. എന്നിട്ടദ്ദേഹത്തെത്തന്നെ 'മലബാർ ഷെല്ലി' എന്നാണു മലയാളികൾ വിളിക്കുന്നത്. ഇതുകൊണ്ടു നാം അർത്ഥമാക്കേണ്ടത്, ആശാന്റേയും ഷെല്ലിയുടേയും കവിതകൾ, അങ്ങിനെ പേർ പറഞ്ഞു വിളിക്കുന്നവർക്ക്, ശരിയായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്. ഷെല്ലിയുടെ സ്വച്ഛന്ദഗീതങ്ങളിൽ (Lyrics) കാണപ്പെടുന്നതുപോലെ, ശോകസാന്ദ്രമായ തത്ത്വചിന്തകൊണ്ടു മധുരമായിട്ടുള്ള ഭാഗങ്ങൾ, ഏറെക്കുറെ പ്രേമഗായകനായ ആശാന്റെ കാവ്യങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിലും, ഷെല്ലിയൻകൃതികളിലെ അവിഭാജ്യഘടകങ്ങളെന്നു പറയാവുന്ന വിദ്ധ്വംസകമനോഭാവമോ സംഗീതാത്മകമായ ശയ്യാപ്രസാദമോ ആശാന്റെ കൃതികളിൽ പ്രത്യക്ഷപ്പെടുന്നില്ല. ചിന്താഗതികൊണ്ടുള്ള സാധർമ്മ്യം ആശാനും ഷെല്ലിക്കും തമ്മിൽ എവിടെയെങ്കിലും അല്പമൊന്നു പ്രത്യക്ഷപ്പെട്ടു കാണുന്നുണ്ടെങ്കിൽ അതു 'പ്രരോദന'ത്തിൽ മാത്രമാണ് (See, Shelley's 'Adonais') എന്നാൽ, പലേ അംശങ്ങളിലും, ആശാനു ബ്രൗണിങ്ങിനോടു സാധർമ്മ്യമുണ്ടുതാനും!

ബ്രൗണിങ്ങിന്റെ കൃതികൾ മലയാളത്തിൽ സംക്രമിക്കാതിരിക്കുന്നതിന്റെ പ്രധാന കാരണം, അവ വിവർത്തനം ചെയ്യുന്നതു പോകട്ടെ, വായിച്ച് ശരിക്ക് ആശയം ഗ്രഹിക്കുവാൻതന്നെ, വളരെ ക്ലേശിച്ചു ശ്രമിച്ചെങ്കിൽ മാത്രമേ സാധിക്കൂ എന്നുള്ളതാണ്. ഇംഗ്ലീഷിലും മലയാളത്തിലും ഒന്നുപോലെ അഗാധജ്ഞാനം സമ്പാദിച്ചിട്ടുള്ള കവികൾ മാത്രമല്ല, മഹാകവികൾപോലും, കേരളത്തിലില്ലേ? എന്തുകൊണ്ട് അവർ ബ്രൗണിങ്ങിനെ സമീപിക്കുന്നില്ല? ഇന്നത്തെ കവികളിൽ സാധാരണായായി കണ്ടുവരുന്ന ഒരുവക 'മയക്കുവിദ്യ' കൊണ്ടൊന്നും ആ മഹാപുരുഷന്റെ ദിവ്യസന്നിധിയിലേക്കു ചെന്നാൽ ആ കാൽ‌‌വിരൽത്തുമ്പുപോലും സ്പർശിക്കുവാൻ സാധിക്കുന്നതല്ല. സംശയമുള്ളവർ പരീക്ഷിച്ചുനോക്കട്ടെ!

ബ്രൗണിങ്ങിന്റെ തത്ത്വചിന്താത്മകമായ കാവ്യപദ്ധതി മലയാളത്തിൽ ഇനിയും വികസിക്കേണ്ടതായിട്ടാണിരിക്കുന്നത്. ആശാൻ അതിനു വഴിതുറന്നു കാണിച്ചു. എന്നാൽ പിന്നീടതിലേ പ്രയാണം ചെയ്യുവാൻ കരുത്തും പ്രാവീണ്യവുമുള്ളവർ ഇതുവരെ ഉണ്ടായിട്ടില്ല. ആധുനികഭാഷാസാഹിത്യത്തിലെ കനകനക്ഷത്രമായി ആക‌ല്പകാലം

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/7&oldid=174590" എന്ന താളിൽനിന്ന് ശേഖരിച്ചത്