ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെൺകതിർവീശി പരിലസിക്കുന്ന ഏകകവി കുമാരനാശാൻ മാത്രമാണ്. മറ്റുള്ളവരുടെ കൃതികൾ അവർ ജീവിക്കുമ്പോൾ തന്നെ മരിച്ചുതുടങ്ങി. ഇനി, അവരുടെ കാലം കഴിഞ്ഞാൽ, അവരുടെ പേർ പോലും വല്ലവരും ഓർമ്മിക്കുമോ എന്നു ഞാൻ ശങ്കിക്കുന്നു. വള്ളത്തോൾ കൃതികളിൽ ചിലതിനുമാത്രം അകാലമൃത്യു സംഭവിക്കുകയില്ലെന്നു സമാധാനിക്കാം. നാലപ്പാട്ടു നാരായണമേനവന്റെ 'കണ്ണുനീർത്തുള്ളി'യും, ജി. ശങ്കരക്കുറുപ്പിന്റെ 'സൂര്യകാന്തി', 'നവാതിഥി' എന്നീ ഗ്രന്ഥങ്ങളിലെ ഏതാനും ചില കവിതകളും സാഹിത്യാരാമത്തിലെ വാടാമലരുകളായി സമുല്ലസിക്കാനിടയുണ്ട്. ആധുനികസാഹിത്യലോകത്തിൽ എന്റെ അഭിനന്ദനത്തിനർഹമായിട്ടുള്ള മറ്റൊരു കൃതി ശ്രീമതി ബാലാമണിഅമ്മയുടെ 'അമ്മ'യാണ്. അഭിനൂതനമായ ഒരു ചിന്താമണ്ഡലമാണ് 'കുടുംബിനി', 'അമ്മ' എന്നീ ഉത്തമകൃതികളിൽക്കൂടി ആ അനുഗൃഹീതകവയിത്രി കൈരളിക്ക് കാണിച്ചു കൊടുത്തിട്ടുള്ളത്.

മോഹിനി

നാലു കൊല്ലങ്ങൾക്കു മുൻപ് മാതൃഭൂമി വാർഷികപ്പതിപ്പിൽ 'മോഹിനി' എന്ന ഒരു കൃതി ഞാൻ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അതു ബ്രൗണിങ്ങിന്റെ 'Porphyria's Lover' (പൊർഫിറിയായുടെ കാമുകൻ) എന്ന കൃതിയുടെ, അസമർത്ഥമായ ഒരനുകരണമാണെന്നു പറഞ്ഞ്, പലരും അക്കാലത്തു പത്രങ്ങളിൽ ബഹളംകൂട്ടി. പൊർഫിറിയായുടെ കാമുകൻ അവളെയും, മോഹിനിയുടെ കാമുകൻ അവളെയും, സൗന്ദര്യോജ്ജ്വലമായ നിമിഷത്തിൽ കൊല്ലുന്നുവെന്ന ഏക സാദൃശ്യം മാത്രമേ അവയ്ക്കു തമ്മിലുള്ളൂ. ആ രണ്ടു കാമുകന്മാരുടെയും ഒരേ വിധത്തിലുള്ള പ്രവൃത്തിയുടെ പിന്നിൽ, അതിനു പ്രേരകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മനോവ്യാപാരങ്ങളും, അവയ്ക്ക് അവലംബമായിട്ടുള്ള പരിതഃസ്ഥിതികളും കേവലം ഭിന്നങ്ങളാണെന്നു മാത്രമല്ല, ധ്രുവങ്ങൾക്കുതമ്മിലുള്ള അന്തരമാണ് അവയ്ക്കുള്ളതെന്ന് ഒരു യഥാർത്ഥ നിരൂപകന് നിഷ്‌‌പ്രയാസം കാണാൻ കഴിയും. ബ്രൗണിങ്ങിന്റെ പ്രസ്തുത പദ്യം എന്റെ ഹൃദയാന്തരാളത്തിൽ ഇളക്കിവിട്ട വികാരവീചികളാണ്, മോഹിനിയുടെ സൃഷ്ടിക്കു പശ്ചാത്തലമായി നിൽക്കുന്നതെന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ, എന്റെ കൃതികളുടെ ജീവനായി നിൽക്കുന്നത്, സാമുദായികമോ സാമ്പത്തികമോ മറ്റേതെങ്കിലും വിധത്തിൽ ലോകാധിഷ്ഠിതമോ, ആയി നിൽക്കുന്ന പ്രതികൂല പരിതഃസ്ഥിതികളുടെ സംഘട്ടനത്തിൽനിന്നും സഞ്ജാതമാകുന്ന ഉദ്വേഗവിഭ്രാന്തിയല്ല; നേരെമറിച്ച്, മോഹിനീകാമുകനായ 'സോമശേഖര'ന്റെ ഒരു പ്രത്യേക രീതിയിലുള്ള ആത്മീയ ചിന്താഗതിയാണ്. നായികാ നായകന്മാരുടെ പ്രണയദാർഢ്യമോ, സമുദായത്തിന്റെ ദൃഷ്ടിയിൽ അവർക്കുതമ്മിലുള്ള ഉച്ചനീചത്വമോ ഒന്നുംതന്നെ അവിടെ ഉത്തരവാദിത്വം വഹിക്കുന്നില്ല. ശാരീരികസൗന്ദര്യത്തിന്റെ സമ്പൂർത്തി ഒരു

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/8&oldid=174591" എന്ന താളിൽനിന്ന് ശേഖരിച്ചത്