പ്രത്യേക വ്യക്തിയിൽ വരുത്തിക്കൂട്ടുന്ന വിക്ഷോഭജന്യമായ ഒരു വ്യതിയാനത്തിന്റെ ദുരന്തഫലമാണ് ഞാൻ ആ കവിതയിൽ ചിത്രീകരിച്ചിട്ടുള്ളത്. ആ നായകന്റെ പ്രവൃത്തി, അവന്റെ പ്രത്യേകമായ വീക്ഷണകോണത്തിൽകൂടി നോക്കുമ്പോൾ, ഒരിക്കലും ഒരപരാധമായിത്തീരുന്നില്ല. മനുഷ്യനിൽ സാഡിസം, മസോക്കിസം, പിഗ്മാലിയാനിസം എന്നിങ്ങനെ മൂന്നുവിധത്തിലുള്ള സ്വഭാവാംശങ്ങൾ കലർന്നിരിക്കും. ചിലരിൽ ഒന്നിന്റെ അംശം മറ്റുള്ളവയെ അപേക്ഷിച്ചു കൂറ്റുതൽ സമ്പുഷ്ടമായിത്തീർന്നുവെന്നുംവരും. സോമശേഖരനെ സാഡിസ്റ്റ് വർഗത്തിൽപ്പെട്ടവരിൽ ഏറ്റവും സുസംസ്കൃതചിത്തനായ ഒരു വനായിട്ടാണ് ഞാൻ സൃഷ്ടിച്ചിട്ടുള്ളത്. അതുപോലെ മോഹിനിയെ മസോക്കിസ്റ്റ് വർഗ്ഗത്തിൽപ്പെട്ടവരിൽ ഏറ്റവും കാവ്യലോലുപമായ ഹൃദയത്തോടുകൂടിയവളായും കൽപ്പിച്ചിരിക്കുന്നു. ശാസ്ത്രരീത്യാ ഇതിനെ വിവരിച്ചു കാണിക്കണമെങ്കിൽ, അതിനൊരു പ്രത്യേകം പ്രബന്ധംതന്നെ വേണ്ടി വരും. അതിനാൽ ഇവിടെ ഇങ്ങനെയൊരു സൂചന മാത്രം നല്കുവാനേ നിവൃത്തിയുള്ളൂ.
സോമശേഖരന്റെ ചിന്താഗതിയെ എടുത്തുകളഞ്ഞാൽ, മോഹിനിയിൽ പിന്നീടു ശേഷിക്കുന്നത് അവളുടെ സുകുമാരമായ ആകാരത്തിന്റെ ഒരു വർണ്ണനം മാത്രമാണ്. അപ്പോൾ പ്രസ്തുതകൃതിയുടെ ജീവൻ ആ വിചിത്ര ചിന്താഗതിയാണെന്നു സ്പഷ്ടമായി. മനോഹരമായ മധുമാസകാലത്തിലെ ഏകാന്തശാന്തമായ പ്രഭാതത്തിൽ സംഭവിച്ച മോഹിനീദർശനം സോമശേഖരന്റെ ഹൃദയത്തിൽ ഒരു വലിയ കൊടുങ്കാറ്റിളക്കിവിടുന്നു. ചൂടുപിടിച്ച ചിന്താപടലത്തിന്റെ ചെറു ലൂതകൾപോലും, ഒരിക്കലും കെട്ടുപിണായാതെ, ഞാൻ സുസൂക്ഷമായി അപഗ്രഥിച്ചെടുത്തു കാണിച്ചിട്ടുണ്ട്. ആ കൃതിയുടെ ജീവനായി വർത്തിക്കുന്ന പ്രസ്തുത ചിന്തകളിൽ ഒന്നിനുപോലും ഞാൻ ബ്രൗണിങ്ങിനോടു കടപ്പെട്ടിട്ടില്ല. ആ ബോധം തികച്ചും എന്റെ ഹൃദയത്തിൽ ഇല്ലായിരുന്നെന്നുവെങ്കിൽ ഒരു ബഹളത്തിന് ഇടകൊടുക്കാതെ, ആ കൃതി പ്രസിദ്ധപ്പെടുത്തുന്നതോടൊപ്പംതന്നെ അതു ബ്രൗണിങ്ങിന്റെ അനുകരണമാണെന്നു ഞാൻ സൂചിപ്പിക്കുമായിരുന്നു. 'രാഗചാപല്യം' എന്ന ഒരു ലഘുപദ്യം ഒഴികെ, തർജ്ജിമയോ അനുകരണമോ എന്താണെങ്കിലും അക്കാര്യം പ്രത്യേകം വിശദപ്പെടുത്തിക്കാണിക്കാതെ ഒരന്യകവിയുടെകൃതി ഇന്നുവരെ ഞാൻ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നു പറയാം. ടാഗോറിന്റെ ഉദ്യാനപാലകനിൽനിന്നും എടുത്ത ഒരു പദ്യമായിരുന്നു 'രാഗചാപല്യം'. അതു ഞാൻ 'മനോരമ' ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു. From Tagore's Gardener എന്നു പ്രത്യേകം ഞാൻ കവിതയ്ക്കടിയിൽ എഴുതിയിട്ടുണ്ടായിരുന്നുവെങ്കിലും പ്രസിദ്ധപ്പെടുത്തിയപ്പോൾ അതു കണ്ടില്ല. ഞാനുടൻതന്നെ പ്രസ്തുത വാരികയുടെ പ്രത്രാധിപത്യം വഹിച്ചിരുന്നു മിസ്റ്റർ ഈ. വി. കൃഷ്ണപിള്ളയോട് അതെന്തുകൊണ്ടു സംഭവിച്ചുവെന്ന് എഴുതിച്ചോദിക്കുകയും അച്ചു നിരത്തിയവർ അബദ്ധത്തിൽ വിട്ടുപോയതാണെന്ന് അദ്ദേഹം എന്നെ സമാധാനിപ്പിക്കുകയും