ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
സുഭാഷിതരത്നാകരം
സമ്മതിയാൽ ധന, - മതിനാൽ
ധർമ്മം, ധർമ്മത്തിനാൽവരും സുഖവും.
വിദ്വാൻ
ഒരു ഹംസമിരിക്കുമ്പോൾ സരസ്സിന്നുളവാംപ്രഭ
തീരം തിങ്ങി നിരന്നുള്ള ബകപംക്തികളാൽ വരാ.
മഹാനുഭാവസംസർഗം മഹത്ത്വം നൽകുമേവനും;
മുത്തുപോൽ വിലസീടുന്നു പത്മപത്രസ്ഥിതം ജലം.
വിനയം
ഒഴിഞ്ഞിട്ടുള്ള പാത്രങ്ങളുണ്ടാക്കുന്നു മഹാരവം;
നിറഞ്ഞുള്ളോരു പാത്രത്തിലുണ്ടാകാ ശബ്ദഡംബരം. (സ്വ)
വിനയംകൂടാതുള്ളൊരു
വിദ്യനിതാന്തം വിശിഷ്ടയെന്നാലും
വിലസീടാതെ വിഗർഹണ-
വിഷയമതായിബ്ഭവിച്ചിടുംനൂനം.
മരങ്ങൾ താഴുന്നു ഫലങ്ങളാലേ;
ഘനങ്ങൾ താഴുന്നു ജലങ്ങളാലും;
ധനങ്ങളാൽ സാധുജനങ്ങളും, കേൾ,
ഗുണങ്ങളുള്ളോർകളിവണ്ണമത്രേ.
സജ്ജനം
മഹാനുപദ്രവിച്ചീടുന്നവനും ഗുണമേകിടും;
ദഹിക്കും ബാഡവാഗ്നിക്കും തൃപ്തിയേകുന്നു സാഗരം.
സത്യം
സത്യവും പ്രിയവും ചൊൽക;
ചൊൽകൊലാ സത്യമപ്രിയം;
കള്ളമായ് പ്രിയവും ചൊല്ലാ-
യ്കിതേ ധർമം സനാതനം.