മേൽപ്പറഞ്ഞവ കൂടാതെ മറ്റു പല ഭൗതികഗുണങ്ങളും സൗന്ദര്യത്തിനാധാരമായി സങ്കലിപിക്കപ്പെട്ടിട്ടുണ്ട്. ഏറക്കുറെയുള്ള ദുർബ്ബലത, കണ്ണ് മഞ്ഞളിപ്പിക്കുന്ന വർണ്ണങ്ങളുടെ അഭാവം,വർണ്ണങ്ങളുടെ നാനാത്വം, സ്വച്ഛമായ വെളിച്ചം- ഇങ്ങനെ പലതും. ഈ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയാൽ സൗന്ദര്യം താനേ ഉളവാകുമെന്നാണ് ഭൗതികവാദം. പ്രാവിന്റെ മാറിടം, പൈതലിന്റെ കവിൾത്തടം, പൂവിന്റെ ഇതൾ, തരുണിയുടെ കണ്ഠസ്തനങ്ങൾ ഇങ്ങനെയുള്ള ദൃഷ്ടാന്തങ്ങളാണ് ബർക്ക് തന്റെ വാദത്തിന് ഉപോൽബലകമായി ചൂണ്ടികാണിക്കുന്നത്. പ്രസ്തുത ഗുണങ്ങൾക്കു സമാനമായി കലാലോകത്തിലും ചില ലക്ഷണങ്ങൾ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ബൃഹത്തായ ഒരു ശില്പമോ ഹോമറിന്റെ മഹാകാവ്യമോ രമണീയമാണെന്ന് അദ്ദേഹം പറയുകയില്ല. അവ മഹനീയമെന്ന മറ്റൊരു പട്ടികയിലാണുൾപ്പെടുന്നത്. രമണീയവസ്തുക്കൾ പ്രേമത്തോടു സാദൃശ്യമുള്ള ഒരു വികാരം നമ്മിൽജനിപ്പിക്കുന്നു. നമ്മിലുള്ള സ്ഥൂലതയെല്ലാം ദ്രവിപ്പിക്കുന്നു. ഈ ഫലം വസ്തുക്കളുടെ മേൽപറഞ്ഞ ഗുണങ്ങളെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നതെന്നാണ് ബർക്കിന്റെ വാദം. ഈ ഗുണങ്ങൾ ഇന്ദ്രിയമാർഗ്ഗേണ നമ്മിൽ ജനിപ്പിക്കുന്ന വികാരമാണ് സൗന്ദര്യാവബോധം. ഈ ഗുണങ്ങളുടെ സംയോഗത്തിൽ പ്രസ്തുത ഫലം ഉളവാകാതിരിക്കുകയില്ല; ഉളവായേ കഴിയൂ എന്നുതന്നെ പറയാം.
ഇങ്ങനെ വസ്തുക്കളുടെ ഭൗതികഗുണങ്ങളെ സൗന്ദര്യത്തിന്റ അധിഷ്ഠാനമായി കല്പിക്കുന്നത് പ്രഥമദൃഷ്ടിയിൽ യുക്തിയുക്തമായി തോന്നാമെങ്കിലും, അതു നമ്മുടെ അനുഭവത്തിനു യോജിച്ചതല്ല. ഒരാൾ സുന്ദരമെന്നു കരുതുന്നത് മറ്റൊരാൾ മറിച്ചു വിചാരിക്കുന്നതിന്റെ ന്യായം ഈ വാദത്തിൽനിന്നു വിശദീഭവിക്കുന്നില്ല. ഒരു വസ്തുവിന്റെ ഘനം ,നിറം മുതലായ ഭൗതികഗുണങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ലല്ലോ. എന്നാൽ സൗന്ദര്യത്തിന്റെ കാര്യം അങ്ങനെയല്ല. ഇക്കാര്യത്തിൽ വ്യക്തിപരമായ വാസനകൾ നടമാടുന്നു. ഒരാളിന്റെ കാമിനിയെപ്പറ്റി മറ്റൊരാൾ, "അവൻ എന്തു കണ്ടിട്ടാണ് ആ പെണ്ണിലിത്ര ഭ്രമിച്ചു നടക്കുന്നത്?" എന്നു ചോദിക്കുന്നു. വസ്തുക്കളുടെ ഗുണം മാത്രം നോക്കിയാൽ ഈ സംശയങ്ങൾക്കു പരിഹാരമുണ്ടാകുകയില്ല.
ഗുണങ്ങളെപ്പറ്റി സൗന്ദര്യം നിശ്ചയിക്കുന്ന രീതിയുടെ അപര്യാപ്തത കാണിക്കുവാൻ ഒരു ദൃഷ്ടാന്തം മതി. ഞാൻ ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ തറയിൽ ഒരു തേരട്ട ഇഴഞ്ഞു പോകുന്നതു കാണുന്നു. ബർക്ക് സൗന്ദര്യാധിഷ്ഠാനമായി കല്പിക്കുന്ന ഗുണങ്ങളെല്ലാം അതിനുണ്ട്. അത് ചെറുതാണ്. അതിന്റെ ആകൃതിയിൽ വളവുണ്ട്. ഞാൻ അതിനെ തൊട്ടുനോക്കിയില്ല. എന്നാലും അതിന്റെ പുറത്തിനു മിനുസമുണ്ടെന്നാണു തോന്നുന്നത്. നിറവും