ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യത്തിന്റെ അധിഷ്ഠാനം


തരക്കേടില്ല. ദുർബലതയും കൃശത്വവും അതിനുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രേമത്തോടു യാതൊരു സാദൃശ്യവുമുള്ള വികാരമല്ല അതിനെ കാണുമ്പോൾ എനിക്കുണ്ടാകുന്നത്. അതിനെ കാണുമ്പോഴുള്ള അറപ്പ് എനിക്കു മാത്രമല്ല തോന്നുന്നതെന്നും എനിക്കറിയാം. ഭൗതികഗുണവാദം ശരിയാണെങ്കിൽ അങ്ങനെ തോന്നാൻ വഴിയില്ല.

ഈ ഭൗതികവാദത്തിന്റെ പരിഷ്കരിച്ച ഒരു രൂപം ഹെർബർട്ട് സ്പെൻസറിന്റെ കൃതികളിൽ കാണാം. നിലയിലും ചലനത്തിലുമുള്ള സൗന്ദര്യമാണ് അദ്ദേഹത്തിന്റെ ചിന്താവിഷയം. ഭംഗിയുള്ള നിലയിലും ഇരിപ്പിലും നടത്തയിലും മറ്റും, ശ്രമത്തിന്റെ അഭാവമാണ് സൗന്ദര്യത്തിന്റെ നിദാനമായി അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. തടിച്ച മനുഷ്യന്റെ പണിപ്പെട്ടുള്ള നടപ്പിൽ സൗന്ദര്യമില്ല. കുന്തം വിഴുങ്ങിയപോലെ കസേരയുടെ അറ്റത്തുള്ള ഇരുപ്പിൽ സൗന്ദര്യമില്ല. നൃത്തത്തിൽ, സാഹസപ്പെട്ടുള്ള അംഗവിക്ഷേപങ്ങളൊന്നിലും സൗന്ദര്യമില്ല. ഭാഗവതർ മുഖം കോട്ടി ശബ്ദം പുറപ്പെടുവിക്കുന്നതിനുള്ള ശ്രമം പ്രത്യക്ഷപ്പെടുത്തി ചെയ്യുന്ന ആലാപനത്തിൽ സൗന്ദര്യമില്ല. കൈ രണ്ടും തുടയോടു ചേർത്തു പിടിച്ച് വടിപോലെ നടക്കുന്നതിൽ സൗന്ദര്യമില്ല. അങ്ങനെ ശ്രമം എവിടെ പ്രത്യക്ഷപ്പെടുന്നുവോ അവിടെ സൗന്ദര്യം വിരളമായിരിക്കുമെന്നാണ് സ്പെൻസറിന്റെ സിദ്ധാന്തം.

പക്ഷേ ഇതും സൗന്ദര്യത്തിന്റെ ഒരു സമഞ്ജസമായ നിർവ്വചനമാണെന്നു പറഞ്ഞുകൂടാ. നിർവ്വചനം ശരിയാണെങ്കിൽ ശക്തിവ്യയം പരിമിതമായി കാണുന്നേടത്തെല്ലാം സൗന്ദര്യവും കാണണമല്ലോ. രണ്ടു കാലിൽ നിൽക്കുന്നതിനേക്കാൾ ശ്രമക്കുറവ് കമിഴ്ന്നടിച്ചു നിലത്തു കിടക്കുന്നതിലാണ്. അതുകൊണ്ട് രണ്ടാമത്തെ അവസ്ഥയാണ് കൂടുതൽ ഭംഗിയുള്ളതെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടോ? ശ്രമക്കുറവിന്റെ പരമാവധികാണുന്നത് ഒരു ശവത്തിന്റെ കിടപ്പിലാണ്. അതിലാണോ ഏറ്റവും അധികം സൗന്ദര്യം? ഭൗതികഗുണങ്ങളെ മാത്രം മാനദണ്ഡമാക്കുന്ന സൗന്ദര്യാന്വേഷണം തികച്ചും അപര്യാപ്തമാണെന്നാണ് ഇത്രയും പറഞ്ഞതിൽനിന്നു മനസ്സിലാക്കേണ്ടത്.


3


പരിച്ഛിന്നമായഭൗതികഗുണമൊന്നുമില്ലാത്തിടത്തും നാം സൗന്ദര്യം കാണുന്നുണ്ട്. ലക്ഷ്മണൻ ഊർമ്മിളാദേവിയെ തനിച്ചിരുത്തിക്കൊണ്ട് ചേട്ടന്റെ കൂടെ കാട്ടിലേക്ക് ചാടിപ്പുറപ്പെടുന്നത് അത്യന്തം സുന്ദരമായ ഒരു സന്ദർഭമാണ്. അതിൽ ഭൗതികഗുണമെവിടെ? ദർഭമുന കാലിൽകൊണ്ടുവെന്നു വെറുതെ നടിച്ച് നിലകൊള്ളുന്ന ശകുന്തളയുടെ നോട്ടം അത്യധികം മനോജ്ഞമാണ്. ശകുന്തളയുടെ ആകാരത്തിൽ ഭൗതികഗുണ-

15