ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യത്തിന്റെ അധിഷ്ഠാനം


ആശിച്ചു. പക്ഷേ, ഡാർജിലിങ്ങിൽ പോയപ്പോൾ പ്രതീക്ഷ ഫലിച്ചില്ല. പരമമായ സൗന്ദര്യജ്യോതിസ്സിൽനിന്നുള്ള കിരണം ചില അനുഗൃഹീതപുരുഷന്മാരുടെ സൂക്ഷ്മഗ്രാഹിയായ മനസ്സിൽ ചില അനുഗൃഹീതസന്ദർഭങ്ങളിൽ പൊടുന്നനവേ നിപതിക്കുന്നു; ഉത്തരക്ഷണത്തിൽ അദൃശ്യമാകുന്നു. അതിന്റെ വരവും പോക്കും പ്രതീക്ഷയ്ക്കോ ഊഹത്തിനോ വിധേയമല്ല.

പ്ലേറ്റോവിന്റെ സിദ്ധാന്തത്തിൽ ചില ഭേദഗതികൾ വരുത്തി കാലാനുസൃതമായി പരിഷ്കരിക്കുവാനാണ് ജർമ്മൻ ചിന്തകനായ ഹെഗൽ ശ്രമിച്ചിട്ടുള്ളത്. ഹെഗലിന്റെ സിദ്ധാന്തം അർവ്വാചീനന്മാരായ പല കലാചിന്തകന്മാരേയും വ്യാമോഹിപ്പിച്ചിട്ടുണ്ട്. പരിച്ഛിന്നവും അഭേദവുമായ ഗുണങ്ങളോടു കൂടിയ യാതൊരു വസ്തുവും ഇല്ലെന്നാണ് ഹെഗൽ സമർത്ഥിക്കുന്നത്. യാതൊന്നിനും സുസ്ഥിതിയില്ല. ഒരു വസ്തു സുന്ദരമാണെങ്കിൽ അതേ സമയത്തുതന്നെ അസുന്ദരവുമാണ്. പരസ്പരവൈരുദ്ധ്യമാണ് പ്രപഞ്ചനിയമം. ചിലപ്പോൾ കാരണം കാര്യവും, മറ്റു ചിലപ്പോൾ കാര്യം കാരണവുമായിത്തീരുന്നു. 'ആയിത്തീരുന്നു--' അതാണ് മുദ്രാവചനം. 'ആയി' എന്നു സമർത്ഥിക്കുകയും സ്വയം നിഷേധിക്കുകയും ചെയ്യുന്നു. ഒരു സുന്ദരമായ കലാവസ്തു ഉണ്ടാകുമ്പോൾത്തന്നെ കാലം അതിൽ കാക്കക്കാലു വരച്ചു തുടങ്ങുന്നു. വർണ്ണങ്ങൾ നിഷ്പ്രഭമാകുന്നു; രമ്യഹർമ്മ്യങ്ങൾ കാറ്റും മഴയുമേറ്റു ജീർണ്ണിച്ചുതുടങ്ങുന്നു; ഭാഷയും ആശയങ്ങളും വ്യത്യാസപ്പെട്ടുതുടങ്ങുന്നു. എല്ലാം ചഞ്ചലം; എല്ലാം പരാസ്പരവിരുദ്ധം!മുകളിലത്തെ വാക്യം എഴുതിയ ഞാനല്ല, ഈ വാക്യമെഴുതുന്ന ഞാൻ............ ... മുകളിലത്തെ വാക്യം എഴുതുന്നതിനിടയ്ക്ക് എന്നിൽനിന്ന് അസംഖ്യം പരമാണുക്കൾ നിർഗ്ഗമിക്കയും എന്നിലേക്ക് അസംഖ്യം പരമാണുക്കൾ അന്തർഗ്ഗമിക്കയും ചെയ്യുന്നു; എന്റെ മനസ്സ് കാലത്തിൽ ഒരു നിമിഷംകൂടി തരണംചെയ്ത് മറ്റൊന്നായിത്തീരുന്നു. സൗന്ദര്യം ഒരു ഗുണമാണെങ്കിൽ അതിൽത്തന്നെ പ്രതിലോമമായ മറ്റൊരു ഗുണവും ലയിച്ചുകിടക്കുന്നു. അങ്ങനെയിരിക്കെ, സൗന്ദര്യത്തിന് സുസ്ഥിരമായ അധിഷ്ഠാനമെവിടെ? ഈ ഘട്ടത്തിലാണ് ഹെഗൽ പ്ലേറ്റോവിന്റെ സിദ്ധാന്തത്തെ ആശ്രയിക്കുന്നത്. അതിപ്രാചീനമായ ഒരു ചിദ്രൂപത്തിൽ (Pre-existing idea) അദ്ദേഹവും വിശ്വസിക്കുന്നുണ്ട്. ഈ ചിദ്രൂപം സ്ഥൂലതയെ പ്രാപിക്കാനുള്ള ശ്രമമാണ് പ്രപഞ്ചഗതി. സൗന്ദര്യാത്മകമായ ചിദ്രൂപം സ്വയം സാക്ഷാത്കരിക്കുവാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന സ്ഥൂലമായ കണികകളാണ് പ്രപഞ്ചത്തിൽ കാണുന്ന സൗന്ദര്യമത്രയും. ഇങ്ങനെ അഭൗതികമണ്ഡലത്തിൽ വിഹരിക്കുന്ന സൗന്ദര്യസിദ്ധാന്തങ്ങളെക്കുറിച്ച് എനിക്ക് ഒന്നേ പറയാനുള്ളു. യുക്തിക്കു പ്രവേശമുള്ള ഒരു മണ്ഡലമല്ല അത്. അനുഭവമാണ് അവിടെ പ്രമാണം. അതുള്ളവർക്കേ അതി-

17