ത്തിനു നീണ്ട കഴുത്തും ചെറിയ വാലും, മയിലിനു നീണ്ട വാലും താരതമ്യേന ചെറിയ കഴുത്തുമാണുള്ളത്. എന്നുവച്ച്, അവയുടെ സൌന്ദര്യം അഭിനന്ദിക്കാത്തവരുണ്ടോ? വൻമരങ്ങൾക്കു ചെറുപൂവും ചെറുചെടികൾക്കു താങ്ങാൻ വയ്യാത്ത വലിപ്പത്തിലുള്ള പൂവും ഉള്ളതായി നാം കാണുന്നുണ്ട്. രണ്ടും രണ്ടുവിധത്തിൽ സുന്ദരമാണ്. ഇതിലുള്ള പൊരുത്തമെന്താണെന്നുള്ള അന്വേഷണം വ്യർത്ഥമായിരിക്കും.
കാവ്യവിചാരത്തിലാണ് പരസ്പരാനുരൂപ്യത്തെക്കുറിച്ചുള്ള നിർദ്ദേശം പ്രബലമായി കാണുന്നത്. കൃത്രിമസൃഷ്ടിയായ കാവ്യത്തിൽ പരസ്പരാനുരൂപ്യം ഒരു അനുപേക്ഷണീയമായ ലക്ഷണമാണെന്നുള്ളതിനു തർക്കമില്ല. എന്നാൽ ഇവിടെയും പരസ്പരാനുരൂപ്യം സൌന്ദര്യത്തിന്റെ പര്യായമല്ലെന്നു കാണിക്കുവാൻ ചില കാവ്യശകലങ്ങൾ പരിശോധിച്ചാൽ മതി. കോൾറിഡ്ജിന്റെ Kubla Khan, കീറ്റ്സിന്റെ Hyperion മുതലായ കൃതികൾ അപൂർണ്ണങ്ങളാണ്; എന്നുവച്ചാൽ അവയ്ക്കു രൂപമില്ല; എന്നുവച്ചാൽ, പൊരുത്തത്തെക്കുറിച്ചുള്ള ചിന്തതന്നെ അവയുടെ കാര്യത്തിൽ അസംഗതമാണ്. എങ്കിലും അവ ആദ്യന്തം സുന്ദരമായ കാവ്യശകലങ്ങളാണെന്ന് ആരും സമ്മതിക്കും. കാവ്യത്തിന് അവയവപ്പൊരുത്തം വേണ്ടെന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. പ്രസ്തുത ഗുണവും സൌന്ദര്യവും ഒന്നല്ലെന്നേ വിവക്ഷയുള്ളൂ.
ഉപയോഗത്തെ ആസ്പദമാക്കിയാണ് മറ്റു ചിലർ സൌന്ദര്യം നിർണ്ണയിക്കുന്നത്. ഉദ്ദിഷ്ടഫലപ്രാപ്തിക്ക് ഏറ്റവും ഉതകുന്ന വസ്തു ഏതോ, അതാണു സുന്ദരവസ്തു. സോക്രട്ടീസും അരിസ്റ്റിപ്പസും തമ്മിലുള്ള സംഭാഷണം ഈ വാദഗതിയെ വിശദമാക്കുന്നുണ്ട്.
അരിസ്റ്റിപ്പസ്: വല്ല വസ്തുവും സുന്ദരമാണെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ടോ?
സോക്രട്ടീസ്: പല വസ്തുക്കളും.
അരിസ്റ്റിപ്പസ്: അപ്പോൾ അവയെല്ലാം പരസ്പരം ഒന്നുപോലെയാണോ?
സോക്രട്ടീസ്: അവയിൽ പലതും പരസ്പരം യാതൊരു സാദൃശ്യവുമില്ലാത്തതാണ്.
അരിസ്റ്റിപ്പസ്: സുന്ദരമായ ഒരു വസ്തുവിനു സുന്ദരമായ മറ്റൊരു വസ്തുവിനോടു സാദൃശ്യമില്ലെന്നു പറയുന്നതെങ്ങിനെ?
സോക്രട്ടീസ്: ഗുസ്തിചെയ്യുവാൻ പറ്റിയ ശരീരപ്രകൃതിയോടുകൂടിയ ഒരു മനുഷ്യൻ ഓട്ടത്തിനു പറ്റിയ ശരീരഘടനയോടുകൂടിയ മനുഷ്യനെപ്പോലെയല്ല; ശത്രുവിനെ നിരോധിക്കുവാനുതകുന്ന പരിച ശത്രുവിനെ ആക്രമിക്കുവാനുതകുന്ന കുന്തംപോലെയല്ല.
തുടർന്നുണ്ടായ ചോദ്യങ്ങൾക്ക് സോക്രട്ടീസ് മറുപടി പറയുന്നതിങ്ങനെയാണ്: “നന്മയെന്നു പറയുന്നതുതന്നെയാണ് സൗന്ദര്യം. ഒരു വസ്തു ഏതെങ്കിലും നന്മയ്ക്കുതകുന്നതാണെങ്കിൽ അതു സുന്ദരവുമാണ്.”