ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ പാശ്ചാത്യസാഹിത്യലോകത്തിലെ മുഖ്യമായ വാദവിഷയം, ആദർശലോകമോ യാഥാർത്ഥ്യലോകമോ സാഹിത്യത്തിൽ പ്രതിപാദിക്കേണ്ടതെന്നുള്ളതായിരുന്നു. ഈ വാദത്തിൽ യാഥാർത്ഥ്യവാദികൾക്കാണ് ഒടുവിൽ പ്രാബല്യം സിദ്ധിച്ചത്. രണ്ടു വാദമുഖങ്ങളെയും രഞ്ജിപ്പിക്കുവാൻ ചിലർ ശ്രമിക്കാതിരുന്നില്ല. അവരിൽ പ്രാമാണികൻ പ്രസിദ്ധ ഫ്രഞ്ച്‌ചിന്തകനായ ബർഗ്സൺ(Bergson) ആയിരുന്നു. ബർഗ്സൺന്റെ കലാസിദ്ധാന്തം പാശ്ചാത്യലോകമൊട്ടുക്കു പ്രചരിപ്പിക്കുകയും പലഭാഷകളിലും വിവർത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലും അത് വിവർത്തനം ചെയ്യേണ്ടതാവശ്യമാണ്.
'കലയുടെ ഉദ്ദേശ്യം എന്താണ്?' എന്ന ചോദ്യത്തോടുകൂടിയാണ് അദ്ദേഹത്തിന്റെ പ്രതിപാദനമാരംഭിക്കുന്നത്. അനന്തരം സാധാരണമനുഷ്യർക്കും കലാകാർന്മാർക്കും തമ്മിലുള്ള വത്യാസം അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു:
"യഥാർത്ഥലോകത്തിനു നമ്മുടെ ഇന്ദ്രിയങ്ങളോടും ബോധത്തോടും നേരിട്ടു സംപൃക്തമാവുക സാദ്ധ്യമാണെങ്കിൽ, വസ്തുക്കളൂടും നമ്മോടുതന്നെയും നമുക്കു പൂർണ്ണമായും ഐക്യം പ്രാപിക്കുവാൻ സാധിക്കുമെങ്കിൽ ഒരുപക്ഷേ, കലകൊണ്ടു പ്രതേകാവശ്യമൊന്നുമുണ്ടാകയില്ല; അഥവാ നാമെല്ലാവരും കലാകാരന്മാരായിരിക്കും. എന്തുകൊണ്ടെന്നാൽ, നമ്മുടെ ആത്മാവ് പ്രകൃതിയുടെ രാഗത്തോടൊപ്പം അനുസ്യൂതമായി വർത്തിച്ചുകൊണ്ടിരിക്കും.ഓർമ്മയുടെ സഹായത്തോടുകൂടി നമ്മുടെ കണ്ണുകൾ അഭൂതപൂർവ്വമായ ചിത്രങ്ങളെ സ്ഥലത്തിൽ രൂപവൽക്കരിക്കയും കാലത്തിൽ പ്രതിഷ്ഠിക്കയും ചെയ്യും. മനുഷ്യരൂപത്തിന്റെ സജീവശിലയിൽ പുരാതനശില്പങ്ങളെപ്പോലെ സുന്ദരമായ പ്രതിമാശകലങ്ങൾ നമ്മുടെ കണ്ണുകളെ ആകർഷിക്കും. നമ്മുടെ ആത്മാവിന്റെ അന്തരാളത്തിൽ നമ്മുടെ ആഭ്യന്തരജീവിതത്തിന്റെ നിരന്തരസംഗീതം- ചിലപ്പോൾ ആഹ്ലാദപ്രേരിതവും മറ്റുചിലപ്പോൾ വിഷാദദ്യോതകവും, എന്നാൽ സദാ അഭിനവവുമായ സംഗീതം- നാം കേട്ടുകൊണ്ടിരിക്കും, ഇവയെല്ലാം നമ്മുടെ ചുറ്റിലും നമ്മിൽതന്നെയുമുണ്ട്. എന്നാൽ അവ-