അവതാരിക_ആമുഖം_പീഠിക_പ്രസ്താവന_മുഖവുര_ഉപോദ്ഘാതം, എന്നിങ്ങനെ എന്തെങ്കിലും പേരുകളിൽ ഉള്ള നടനാട്ടൽ കൂടാതെ ഒരു പുതിയ പുസ്തകം പ്രസിദ്ധപ്പെടുത്തുന്നതു കീഴ്നടപ്പിനു വിരുദ്ധമായിരിക്കുമല്ലോ.
ഈ കീഴ്നടപ്പിനെ നിശ്ശേഷം പരിത്യജിക്കാനും_
ഒരു പഴഞ്ചൻ ചടങ്ങായി പരിഗണിക്കാനും ഒരുവകക്കാർ തുടങ്ങിയിട്ടുണ്ടെന്നിരിക്കിലും, മൊത്തത്തിൽ അതു
വളരെ കൊള്ളാവുന്ന ഒരു നടപടിതന്നെയാണ്. പുറമേ
സഞ്ചരിക്കുമ്പോൾ സ്ത്രീജനങ്ങൾ നിഷ്കണ്ണികളായിരിക്കണമെന്ന നിഷ്കൎഷ മുറുകെപ്പിടിക്കുന്നതുപോലെ, ഗ്രന്ഥപക്ഷത്തിൽ, ഇത് ഒരു ഗണ്യമായ അലങ്കാരവുമാകുന്നു.
നല്ല വീഞ്ഞിനു മുന്തിരിച്ചെടിയുടെ 'ലേബൽ' ആവശ്യമില്ലെന്നു പറയാറുണ്ടു്. എന്നാൽ, നല്ല വീഞ്ഞിനെല്ലാം
തന്നെ കണ്ണഞ്ചിക്കുന്ന നിറപ്പകിട്ടുകളോടുകൂടിയ ലേബലുകൾ ഒട്ടിച്ചു കാണാറുമുണ്ട്.
രണ്ടു കൊല്ലം മുമ്പു 'ഹാസ്യലഹരി' എന്ന വിനോദകവിതാശേഖരം പ്രസിദ്ധം ചെയ്തപ്പോൾ, അതു വായിക്കാനിടയായ, മുൻപരിചയമില്ലാത്ത ഒരു മാന്യൻ എനോടു ചോദിച്ചു, ഞാൻ ഗദ്യത്തിൽ നേരമ്പോക്കുകൾ ഒന്നും എഴുതാറില്ലേ എന്ന്. "ആ വകയും രണ്ടോ മൂന്നോ പുസ്തകത്തിനു വരും" എന്നും അലക്ഷ്യഭാവത്തിൽ ഞാൻ അന്നു മറുപടി പറഞ്ഞു. അദ്ദേഹമിപ്പോളെവിടെയാണെന്നു രൂപമില്ല. ഞാൻ വീമ്പു പറഞ്ഞതാണെന്നു സങ്കല്പിച്ചിരിക്കാമെന്നൊരു സംശയം.