ക്കളേയോ കുറിച്ചല്ലെങ്കിലും, കാക്ക, കുറുക്കൻ, എട്ടുകാലി, കൂമൻ, ഇറുമ്പ്, ഒച്ച് മുതലായ ജീവനുള്ള വകകളെപ്പറ്റി കെ. സുകുമാരൻ ബി. എ. എന്നൊരു രസികൻ മുമ്പിനാലേതന്നെ മലയാള ഭാഷയിൽ ചില പ്രബന്ധങ്ങൾ രചിച്ചിട്ടുള്ളതായി അറിവുണ്ടു്. അതെങ്ങനെ ആയാലും, മുൻചൊന്ന പഴത്തൊലി കരിക്കട്ട മുതലായ എപ്പേൎപ്പെട്ട വകയ്ക്കും, മിക്കവാറും സ്തുതിപാഠകനായും, അപൂർവം ചിലപ്പോൾ ഉപാലംഭക്കാരനായും ഒരിക്കൽപോലും നിന്ദകനല്ലാതേയും, ഇങ്ങനെ ഒരു ജീവചരിത്രകാരനെ കിട്ടിയതിൽ, ഇതിലും ഏറെ മഹിമയും മേന്മയും അഭിമാനവും നടിക്കുന്ന കിണ്ടി കോളാമ്പി മുതലായവ, കമ്പിത്തൂണു് വിളക്കുമരം അഞ്ചൽറ്റി മുതലായവ, ആനമുണ്ടം ചേറാത്തണ്ടു് വാഴപ്പിണ്ടി വെള്ളാരങ്കല്ലു തുടങ്ങിയവ, സകലതും ലജ്ജിച്ചു തലതാഴ്ത്തുകയേ തരമുള്ളു.
"മി. പൂത്തേഴം നല്ലൊരു സാഹിത്യകാരനാണ്, സരസനാണ്, രസധൎമ്മമൎമ്മജ്ഞനാണ്, അങ്ങനെയാണ്. ഇങ്ങനെയാണ്" എന്നൊക്കെ ഞങ്ങളും ധാരാളം കേട്ടിരിക്കുന്നു. എങ്കിലും, പുല്ലിലും കരിക്കട്ടയിലും കുപ്പിച്ചില്ലിലുംകൂടി കൈരളിക്കുട്ടിയെ നടത്തിക്കാൻ കെൽപുള്ള ഒരു വികടനാണ്; എന്നാൽപോലും പല്ലവകോമളങ്ങളായ അവളുടെ ചെഞ്ചേവടികൾക്കു പരുക്കുപറ്റാതെ സൂക്ഷിപ്പാൻ വേണ്ട മിടുക്കും, സ്വാധീനവും തന്റേടവും കൂടിയുള്ളവനാണ്, എന്നുള്ള വസ്തുത നടാടെയാണ് ഞങ്ങൾക്കു ഗ്രഹിപ്പാൻ കഴിവുണ്ടായത്. ഈശ്വരോ രക്ഷതു!