മലയാള ഭാഷയുടെ ഇന്നത്തെ നിലയെപ്പറ്റി പലരും പലവിധത്തിലും പറയാറും എഴുതാറും ഉണ്ടല്ലോ. ഒരേ സംഗതിയെക്കുറിച്ച് അന്വോന്യം വിഭിന്നങ്ങളായ അഭിപ്രായങ്ങൾ ഉണ്ടാവുമ്പോൾ അവ നിൎമ്മത്സരന്മാരിൽ ഒരുവക വിനോദരസമുളവാക്കുന്നു. ഇതു പരമാൎത്ഥമല്ലയോ എന്നു താഴെ ചേർന്ന പ്രസ്താവനകൾ വായിച്ചു നോക്കിയാലറിയാം.
സാഹിത്യപണ്ഡിതൻ പറകയാണ്:
ആധുനികഭാഷാസാഹിത്യത്തിന്റെ അവസ്ഥ ഇത്ര മാത്രം ശോചനീയമായിത്തീർന്നുവല്ലോ ഭഗവാനേ! വാമൊഴിയും വരമൊഴിയും വിവരമില്ലാത്ത ചില കാളികൂളിവൎഗ്ഗങ്ങൾ കവികളും ഗദ്യകാരന്മാരും വിമൎശകവീരന്മാരും പ്രാസംഗികന്മാരും ഒക്കെയായിച്ചമഞ്ഞു പുറപ്പെടുവിക്കുന്ന ശൃഗാലകൂജനങ്ങളും ഭേകാരങ്ങളുമൊക്കെയാണത്രേ ഇന്നത്തെ 'ജീവൽ'സാഹിത്യം! അവൎക്കാകട്ടെ, ഗദ്യമാണെങ്കിൽ വ്യാകരണം വേണ്ട, ശൈലി വേണ്ട, പ്രയോഗസാധുത വേണ്ട; പദ്യമാണെങ്കിൽ ഛന്ധോബന്ധം വേണ്ട, രസം വേണ്ട അലങ്കാരം വേണ്ട ചമൽക്കാരം വേണ്ട; പ്രസംഗമാണെങ്കിൽ മൎയ്യാദ വേണ്ട വിവേകം വേണ്ട പൂൎവാപരസംബന്ധം വേണ്ട; ഒരു പദ്ധതിയിലും ഒരു മണ്ണാങ്കട്ടയും വേണ്ട. അഹോ കഷ്ടം! നമ്മുടെ കൈരളീദേവി ഈ മഹാസങ്കടാവസ്ഥയിൽ എത്തിച്ചേർന്നുവല്ലോ. ഈ 'നവീ