താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/14

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം പ്രതിഷേധിച്ചു. അതിലെ അംഗങ്ങളെല്ലാം ഗാന്ധിത്തൊപ്പി ധരിക്കണമെന്നു പ്രമേയം പാസ്സാക്കി. കാളേജുവിദ്യാർത്ഥികൾ എല്ലാവരും ഗാന്ധിത്തൊപ്പി ധരിച്ചു. കാളേജധികാരികൾ അസാധാരണയോഗം വിളിച്ചുകൂട്ടി. ഗാന്ധിത്തൊപ്പി ധരിക്കുന്നതു് നിയമവിരുദ്ധമല്ലെന്നു നിശ്ചയിച്ചു. രവി കാളേജിൽനിന്നുവന്നാൽ പുറത്തിറങ്ങാറില്ല. പണച്ചിലവും അയാളെ പഠിത്തത്തിൽ ലയിപ്പിച്ചു. പരീക്ഷയടുത്തു. രവി തയ്യാറാണ്. പേനാ കഴുകിവൃത്തിയാക്കി പുതിയ മഷിയൊഴിച്ചുവെച്ചു. ചങ്ങാതികൾ രണ്ടുപേരും പരീക്ഷക്കെഴുതി. സോമനും രവിയും പരീക്ഷ കഴിഞ്ഞു് നാട്ടിലേക്കു തിരിച്ചു. അവിടുത്തെ യുവാക്കന്മാർ സോമനു് ഒരു സ്വീകരണം നല്കി. വൃദ്ധന്മാരാരും തന്നെ സോമനോടു സംസാരിച്ചില്ല. പരീക്ഷയുടെ വിവരങ്ങൾ പോലും ചോദിച്ചില്ല. അവർക്കറിയാം സോമൻചീത്തയെന്നു്, വഷളായെന്നു്, അവന്റെ ഭാവി നശിച്ചെന്നു്. രവി ഇന്നും അവരുടെ കണ്ണിലുണ്ണിയാണു്. അവൻ പരീക്ഷക്കു ജയിക്കും. അവർ നേരത്തെ ഫലം പറയും. അവൻ ഖദറുധരിച്ചില്ല. ഗാന്ധിത്തൊപ്പി അണിഞ്ഞില്ല. കാൺഗ്രസ്സുകാരെ അയാൾക്കു് ഇഷ്ടമല്ല. അവരെപ്പററി അയാൾ പല ദുരഭിപ്രായങ്ങളും പറയും. അങ്ങിനെവേണം ചെറുപ്പക്കാർ അവനെ നോക്കിവേണം നിങ്ങളു പഠിക്കാൻ ബാലന്മാരോടു് വൃദ്ധന്മാർ പലപ്പോഴും പറയാറുണ്ട്. പരീക്ഷാഫലം പുറത്തായി. വൃദ്ധന്മാരുടെ പ്രവചനം ശരിയായി. സോമൻ പരാജിതനായി. രവിമൂന്നാം ക്ലാസ്സിൽ പാസ്സായി. കാളേജിൽ പോകുന്നതു് പഠിക്കാനായിരിക്കണം എന്നാണു് സോമന്റെ പരീക്ഷാഫലത്തെ പ്പറ്റി അവർ പറഞ്ഞു.