താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/18

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം ഗേറ്റിൽ ഒരു കാറു വന്നുനില്ക്കുന്ന ശബ്ദം ഡാക്ടരുടെ വരവായിരിക്കുമെന്നു അവർ വിചാരിച്ചു. നാലഞ്ചാളുകൾ പടികയറുന്ന കാലൊച്ച. ഔദ്യോഗികവേഷത്തിൽ രവി അവരുടെ മുമ്പിലെത്തി. അഞ്ചു പോലീസ്സുകാരമുറിക്കു വെളിയിലും. രവി! സോമൻ മുമ്പോട്ടു ചെന്നു. രവി തല കുനിച്ചു. രവിയോ വൃദ്ധൻ പതുക്കെ ചോദിച്ചു. അതേ! അടുത്തുണ്ടായിരുന്നവരിൽ ഒരാൾ മറുപടി പറഞ്ഞു. സോമനുമായി എന്തോ സംസാരിക്കുവാനായിരിക്കും രവി വന്നതെന്നു് വൃദ്ധൻ കരുതി. ക്ഷീണക്കൂടുതൽ കൊണ്ടു് രോഗി ഒന്നു മയങ്ങി. സോമാ! ഞാനിന്നു സുഹൃത്തായിട്ടല്ല വന്നിരിക്കുന്നതു്. രവി തലയുയർത്താതെ പറഞ്ഞു. പോലീസു ശിപായിയുടെ കയ്യിലിരുന്നു തിളങ്ങുന്ന വിലങ്ങു കണ്ടപ്പോൾ തന്നെ സോമനു് കാര്യ്യം മനസ്സിലായിക്കഴിഞ്ഞിരുന്നു. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. ഭയാനകമായ ഒരു ശാന്തത. രോഗി വിഷമിച്ചുചെയ്യുന്ന ശ്വാസോഛ്വാസം ആ അന്തരീക്ഷത്തിൽ വിങ്ങിക്കൊണ്ടിരുന്നു. സോമൻ നിശ്ശബ്ദനായി പിതാവിന്റെ സമീപത്തേക്കു നീങ്ങി പാദങ്ങളിൽ തൊട്ടു നമസ്കരിച്ചു. ആ ശുഷ്കിച്ച മുഖത്തിൽ ഒരു ചുംബനം നൽകി. ആ ശയ്യക്കു സമീപം കൂടിനിന്നിരുന്ന സഹപ്രവർത്തകരെ നോക്കി. മിത്രങ്ങളെ! സോമൻ സംസാരിച്ചു.