താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/31

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

അതെല്ലാം സമ്പാദിക്കുകയാ. ഞാമ്പറയാമെല്ലോ കഴിഞ്ഞേന്റേങ്ങേക്കൊല്ലം ആയിരത്തിൽകൂടുതൽ രൂപയാ ഇയ്യാളു സമ്പാദിച്ചെ! ങാഹാ! അതെല്ലാമെന്തുചെയ്തു. ഞാനത്ഭുതത്തോടു ചോദിച്ചു. കടക്കാരൻ അല്പം സംശയം. എന്നെ ഒന്നു കൂടി സൂക്ഷിച്ചുനോക്കി. നിശ്ശബ്ദമായി ഒന്നു ചിരിച്ചു. ഒള്ളതു പറയാമെല്ലോ! എന്തോ എന്നെ അയാൾക്കു വല്യ വിശ്വാസമാ. ആ പണമെല്ലാമെന്നെയേല്പിച്ച് രണ്ടായ മായിട്ടു് ഒരു വസ്തു വാങ്ങിക്കണമെന്നാ മൂപ്പിലന്റെ ആശ. ഇയാൾക്കു ഭാര്യ്യയും മക്കളുമാരുമില്ലെ? ഉണ്ടു് അതുങ്ങളെല്ലാം തിന്നുമുടിപ്പിക്കുമെന്നു പറഞ്ഞാ എന്നെ പണം സൂക്ഷിക്കാൻ ഏൽപ്പിച്ചിരിക്കുന്നതു്. ഞാനൊന്നും മിണ്ടിയില്ല. അയാൾ തുടർന്നു:--- മാസംതോറും പത്തും അമ്പതും കൊണ്ടുത്തരും ഞാതെല്ലാം വാങ്ങിച്ചു വയ്ക്കും. ഞാൻ തലകുലുക്കി. അയാൾ വീണ്ടും തുടർന്നു. ഞാനീ ബീഡീം തെറുത്തോണ്ട് ....നൂറ്റിമൂന്നു്... ങാ! ഇപ്പോളഞ്ചുകൊല്ലമായി ഇരുന്നിട്ടു്. അയാടെ പാതിപോലും സമ്പാദ്യമില്ല സാറെ. പാവം പണം തന്നതു കൊണ്ടു് ഇത്രയുമൊക്കെയായി-- അയാളൊന്നു ചിരിച്ചു. നിങ്ങൾ കടമെടുത്തതാണോ? ഓ! അതൊന്നുമല്ല. അതെടുത്തു സാമാനമൊക്കെ വാങ്ങിച്ചു. അയാളാവശ്യപ്പെട്ടാലോ?