താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/69

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

ങ്ങളും പൂങ്കുലചാർത്തിയ ലതകളുംകൊണ്ടു് നാടെങ്ങും പ്രകൃതി അലങ്കരിച്ചു്. കുളിർകാറ്റു് മാവേലിയുടെ സ്വീകരണത്തിനു് നാടു് ചമഞ്ഞൊരുങ്ങിയതു് നോക്കാൻ ചുറ്റിത്തിരിഞ്ഞു. വിരിഞ്ഞ പൂക്കളും തളുർത്ത മരങ്ങളും കിലുകിലചിരിച്ചുകൊണ്ടു് മന്ദമാരുതനെ സ്വീകരിച്ചു. ഓണനിലാവു് പ്രകൃതിയെ ഓമനിച്ചുറക്കി. മാതേവന്റെ മാടത്തകൊഞ്ചിത്തുടങ്ങി. അവ്യക്തമായ അതു് സംസാരിക്കും. മാ... ടത്ത മാട...ടത്ത-- എന്നു് മാതേവൻ ആ കിളിയെ ഓരോന്നു പഠിപ്പിച്ചു. അതിവേഗം അനുകരിച്ചു് അതു് സംസാരിച്ചുതുടങ്ങി. ഓണക്കാഴ്ചവയ്ക്കുന്നതിനു് മാതേവനും അവന്റെ അച്ഛനുംകൂടി തമ്പുരാന്റെ വീട്ടിൽ പോയി. വിളഞ്ഞഏത്തൻകുലയും കായ്കറികളും അവിടെ കാഴ്ച വച്ചു. മാതേവൻ മൈനായെ കളിപ്പിച്ചുകൊണ്ടു് മുറ്റത്തു് മാറിനില്ക്കുകയാണു്. മാതേവാ..! മാതേവാ! മൈനാ കൊഞ്ചിസംസാരിച്ചു. തമ്പുരാനിരിക്കുന്നു. മിണ്ടരുതു്! മാതേവൻ പറഞ്ഞു. തമ്പുരാനിരിക്കുന്നു. മിണ്ടരുതു്! മൈനാ ഏറ്റുപറഞ്ഞു. ചൂരൽകെട്ടിയ ചാരുകസേരയിൽ കുടവയറും തലോടി ചാരികിടന്നിരുന്ന തമ്പുരാൻ മൈനായുടെ സംസാരംകേട്ടു് അത്ഭുതത്തോടെ നിവർന്നിരുന്നു. എടാ? മാതേവാ! ആ കിളി സംസാരിക്കുമോ? തമ്പുരാൻ ചോദിച്ചു. സംസാരിക്കുമേ!-- മാതേവൻ മറുപടി പറഞ്ഞു. അവൻ അഭിമാനത്തോടെ മൈനായെ തലോടി. ങാഹാ! എല്ലാം പറയുമോ!