താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/75

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

അന്നു് ഒരു വലിയ സാഹിത്യകാരനാകുവാൻ അയാൾ ആശിച്ചിരുന്നു. പക്ഷേ ഇന്നോ? ഇൻഷ്വറൻകമ്പനിയിൽ ഒരു ജോലി അയാൾക്കുണ്ടു്. അവിടെയിരുന്നു് കണക്കുകൂട്ടിക്കൂട്ടി കവിതയും കഥയും ഒന്നും ഇന്നു് കൃഷ്ണൻനായർക്കു് തോന്നാറില്ല. തോന്നിയാലും എഴുതുമ്പോൾ ഒന്നും നന്നാകാറില്ല. ആറേഴുമണിക്കൂർ ആഫീസിലിരുന്നു ജോലിചെയ്യുമ്പോൾത്തന്നെ അയാൾ നന്നേമുഷിയും. ഭാരംകൂടിയതലയും, മുഷിഞ്ഞമനസ്സുമായി അയാൾ ആഫീസുവിടും. ബഞ്ചിലിരുന്നു വായിക്കുന്ന ആൾ തല ഉയർത്തി ചുറ്റും ഒന്നുനോക്കി എങ്കിലും വീണ്ടും വായനതുടങ്ങി. കൃഷ്ണൻനായർക്കു്. ആ പുസ്തകം എഴുതിയ ആളിന്റെ പേരിൽ വലിയ അസൂയതോന്നി. അയാൾ പലപുസ്തകങ്ങളും വായിച്ചിട്ടുണ്ട്. പക്ഷെ ഈ മനുഷ്യനു തോന്നുന്നരീതിയിൽ അയാൾക്കു് ഒന്നും തോന്നിയിട്ടില്ല. ഇയ്യാൾ ഒരു മഠയനായിരിക്കും! ഒരു പുസ്തകത്തിൽ ഇത്രമാത്രം രസിക്കുവാനെന്തിരിക്കുന്നു?-- കൃഷ്ണൻനായർ വിചാരിക്കുവാൻ തുടങ്ങി. വായിച്ചുകൊണ്ടിരുന്ന മനുഷ്യൻ പുസ്തകത്തിന്റെ അടുത്ത താൾ മറിച്ചു. ഇന്നത്തെ സാഹിത്യകാരന്മാരെ വലുതാക്കുന്നതു് ഇയ്യാളെപ്പോലെയുള്ള മഠയന്മാരാണ്. ഇത്ര രസിക്കുവാൻ തക്ക പുസ്തകം ഇന്നു് ഏതാണു്? ഇനി ഞാനും എഴുതിത്തുടങ്ങും പക്ഷേ! ഈ കെട്ട കണക്കെഴുതിയെഴുതി ഞാൻ നശിച്ചു. അല്ലായിരുന്നെങ്കിൽ ഇതല്ല ഇതിന്റെ അപ്പുറത്തെതു് എനിക്കെഴുതാമായിരുന്നു. കൃഷ്ണൻനായരുടെ ചിന്ത ഇങ്ങിനെ നീണ്ടുനീണ്ടുപോയി. അയാൾ കഴുത്തു ഉയർത്തി തന്റെ സമീപസ്ഥൻ വായിക്കുന്ന പുസ്തകത്തിലേക്കു് ആവേശത്തോടെ നോക്കി.