ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxv

നിഴലിൽ കഴിയുന്ന മനുഷ്യനെ ജീവിതത്തിന്റെ മായികസ്വഭാവം ഓർമ്മിപ്പിച്ചു
നന്മയിലേക്ക് ആനയിക്കാനുള്ള ശ്രമമാണിതിൽ കാണുന്നത്. ഇതിന് അനേകം
പതിപ്പുകളുണ്ടായി. 1849-ൽ തലശ്ശേരിയിലെ കല്ലച്ചിലാണ് ഇത് ആദ്യമായി അച്ചടിച്ചത്.
ഗുണ്ടർട്ടിന്റെ ക്രൈസ്തവമനസ്സ് സൂക്ഷ്മമായി പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്ക്
വേണ്ടി സന്മരണവിദ്യ പൂർണ്ണരൂപത്തിൽ ഇവിടെ ചേർക്കുന്നു. ഇതായിരുന്നു ജൂലി
ഗുണ്ടർട്ടിന് ഏറ്റവും ഇഷ്ടപ്പെട്ട രചന എന്നു മനസ്സിലാക്കുമ്പോൾ അവരുടെ
മനസ്സിലേക്കു കൂടി നമുക്കു പ്രവേശനം ലഭിക്കുന്നു. വിജ്ഞാനദാഹിയും
പണ്ഡിതനുമായിരുന്ന ഗുണ്ടർട്ടിനെ ഒരു സാധാരണ മിഷണറിയുടെ അനുദിന
കർമ്മങ്ങളിൽനിന്നു വ്യതിചലിക്കാതെ പ്രചാരണ പ്രവർത്തനങ്ങളിൽ
ഉറപ്പിച്ചുനിറുത്തിയതു ജൂലി ഗുണ്ടർട്ടായിരുന്നു എന്നു ജീവചരിത്ര രേഖകൾ
വായിക്കുമ്പോൾ തോന്നിപ്പോകും. അവർ ജീവിതകാലം മുഴുവൻ ഭക്തിമാർഗ്ഗത്തിൽ
ഉറച്ചുനിന്നു; ഭർത്താവിനെ ജ്ഞാനമാർഗ്ഗത്തിൽ മാത്രം തങ്ങി നിൽക്കാൻ
അനുവദിച്ചതുമില്ല.

സ്മിർണയിലെ ക്രൈസ്തവ സമൂഹത്തിന്റെ മൂപ്പനും ഒരു ആദിമ ക്രൈസ്ത
വരക്തസാക്ഷിയുമായ പോളികാർപ്പിന്റെ (Polycarp) ജീവിതകഥയാണ്
പൊലുകർപ്പചരിതം. മത ജീവിതത്തിൽ പ്രതിബന്ധങ്ങൾ നേരിടുന്നവർക്കു
സാഹസികമായി ഉറച്ചു നിൽക്കാൻ പ്രചോദനം നൽകുന്ന രചനയാണിത്. ഗുണ്ടർട്ട്
രചിച്ച ലക്ഷണയുക്തമായ ജീവചരിത്ര കൃതി എന്ന നിലയിൽ ഇതിനു പ്രാധാന്യമുണ്ട്.
സാമുവെൽ ഹെബിക്, യാക്കോബ് രാമവർമ്മ എന്നിവരുടെ ജീവചരിത്രങ്ങൾ
മലയാളത്തിൽ ഗുണ്ടർട്ട് എഴുതിയതായി ചില ഗ്രന്ഥങ്ങളിൽ കാണുന്നുണ്ടെങ്കിലും
ആഭ്യന്തരവും ബാഹ്യവുമായ തെളിവുകൾ ആ ഗ്രന്ഥങ്ങളുടെ കർത്തൃത്വത്തിൽനിന്ന്
അദ്ദേഹത്തെ ഒഴിവാക്കുന്നു. അവയുടെ രചനയിൽ ഗുണ്ടർട്ടു നൽകിയ വിവരങ്ങൾ
പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നതു തീർച്ച. പൊലുകർപ്പചരിതം ഈ
സമാഹാരത്തിൽ പൂർണ്ണമായി ചേർത്തിരിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന ക്രൈസ്തവമിഷണറി
പ്രവർത്തനത്തിന്റെ ചരിത്രത്തിൽ ബാസൽ മിഷനു സുപ്രധാന സ്ഥാനമുണ്ട്. ബാസൽ
മിഷന്റെ പ്രവർത്തനമേഖലയും പ്രവർത്തനശൈലിയും മറ്റു മിഷൻ സംഘങ്ങളിൽ
നിന്നു വ്യത്യസ്തമായിരുന്നു. ദക്ഷിണ തിരുവിതാംകൂറിലെ മൈലാടി കേന്ദ്രമാക്കി 1806-
ൽ പ്രവർത്തനം തുടങ്ങിയ ലണ്ടൻ മിഷൻ സൊസൈറ്റി (LMS) പേരുകൊണ്ടു
വ്യക്തമാകുന്നതുപോലെ ബ്രിട്ടീഷ് പാരമ്പര്യത്തിൽനിന്നു പ്രചോദനം നേടിയവരാണ്.
1816 മുതൽ മധ്യകേരളത്തിൽ കോട്ടയം കേന്ദ്രമാക്കി പ്രവർത്തിച്ച ചർച്ചുമിഷൻ
സൊസൈറ്റി (CMS)യും സുസംഘടിതമായ ആംഗ്ലിക്കൻ സഭയുടെ സുവ്യക്തമായ
കാഴ്ചപ്പാടുകളോടെ രംഗപ്രവേശം ചെയ്തു. സുറിയാനിക്കാർ എന്നു ഡച്ചുകാരുടെ
കാലം മുതൽ പരാമർശിക്കപ്പെട്ടുപോരുന്ന പരമ്പരാഗത മാർത്തോമ്മാ നസ്രാണികളുടെ
നവീകരണമായിരുന്നു സി.എം.എസ്. മിഷണറിമാരുടെ പ്രാഥമിക ലക്ഷ്യം. പിന്നീട്
സുറിയാനിക്കാരുമായി പിണങ്ങിപ്പിരിഞ്ഞപ്പോൾ അവർ അവർണ്ണരുടെ
മതപരിവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. തെക്കൻ തിരുവിതാംകൂറിലും
മധ്യതിരുവിതാകൂറിലും രാജാക്കന്മാരുടെ പിന്തുണയോടുകൂടി വിദ്യാഭ്യാസാദി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/29&oldid=199718" എന്ന താളിൽനിന്ന് ശേഖരിച്ചത്