ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 263

തന്നെ ആകുന്നു; എങ്കിലും, നിർഭാഗ്യനായ നിർബ്ബോധനെ! ആ
വിശ്വാസത്തിന്റെ വ്യാപാരശക്തിയെ നീ അറിയുന്നില്ലല്ലൊ. ഹാ! നീ ഉണർന്നു
നിന്റെ പാപത്തെ വിചാരിച്ചു കർത്താവായ ക്രിസ്തന്റെ അടുക്കൽ ഓടി
ചെല്ലുക, അപ്പോൾ അവൻ തന്റെ ദിവ്യ നീതിയെ നല്കി നിന്നെ
ശിക്ഷാവിധിയിൽനിന്നു രക്ഷിക്കയും ചെയ്യും.

നിർബ്ബോ: നിങ്ങൾക്ക ബദ്ധപ്പാടാകകൊണ്ടു എനിക്ക ഒരുമിച്ചു നടപ്പാൻ,
കഴികയില്ല; ഞാൻ വഴിയെ വരാം.

എന്നാറെ അവർ:

തന്നെത്താൻ അറിയാഞ്ഞാൽ
പിന്നെത്താൻ അറിഞ്ഞു കൊള്ളും
കുട്ടി തീ തൊടേണ്ടിയാൽ
ഇഷ്ടം തീരെ തൊട്ടു പൊള്ളും
നേമമായി ചെവി കൊടുത്തു
കേമമായ്വരും കരുത്തു.

എന്നു പാടുകയും ചെയ്തു.

അനന്തരം ക്രിസ്തിയൻ തന്റെ കൂട്ടാളിയോടു: അല്ലയൊ ആശാമയനെ!
നാം പിന്നെയും തനിയെ നടക്കേണ്ടി വന്നുവല്ലൊ; ആ മനുഷ്യനെ കുറിച്ചു
എനിക്ക് വളരെ സങ്കടം ഉണ്ടു; ഒടുവിൽ അവൻ നശിച്ചുപോകും.

ആശാ: ആ വകക്കാർ എന്റെ നാട്ടിലും വളരെ ഉണ്ടു, വീഥികളും
ഭവനങ്ങളും നിറഞ്ഞിരിക്കുന്നു കഷ്ടം! പിന്നെ ഇവൻ ജനിച്ച രാജ്യത്തിൽ എത്ര
അധികം ഉണ്ടാകും.

ക്രിസ്തി: അവർ കാണാതിരിക്കേണ്ടതിന്നു അവൻ അവരുടെ കണ്ണുകളെ
കുരുടാക്കി എന്ന വചനം ഞാൻ ഓർക്കുന്നു, അവർക്കു ചിലപ്പോൾ
പാപബോധവും ഭയവും ഉണ്ടു എന്ന നിണക്ക് തോന്നുന്നുവൊ?

ആശാ: നീ എന്നേക്കാൾ പ്രായം ചെന്നവനാകയാൽ എനിക്ക് ഈ
കാര്യത്തെ കുറിച്ചു നിന്നിൽനിന്നു കേൾപ്പാൻ ആവശ്യം.

ക്രിസ്തി: ചിലപ്പോൾ അങ്ങിനെ ഉണ്ടു എങ്കിലും, അവർ
ബുദ്ധിയില്ലാത്തവരാകകൊണ്ടു പാപബോധവും ഭയവും തങ്ങളുടെ
നന്മെക്കായിട്ടാകുന്നു എന്നറിയാതെ അവറ്റെ അമുക്കി തന്നിഷ്ടവഴികളിൽ
മദിച്ചു പുളെച്ചു കൊണ്ടിരിക്കുന്നു എന്നു എനിക്ക് തോന്നുന്നു.

ആശാ: ഭയംതന്നെ മനുഷ്യരുടെ നന്മെക്ക് എന്നും സഞ്ചാര ആരംഭത്തിൽ
അവരെ നേരെയാക്കി വെക്കുന്നത് എന്നും താൻ പറഞ്ഞ പ്രകാരം എനിക്കും
തോന്നുന്നു.

ക്രിസ്തി: സാരമുള്ള ഭയം അങ്ങിനെ ചെയ്യും സംശയമില്ല. കർത്താവിന്റെ
ഭയം ജ്ഞാനത്തിന്റെ ആരംഭം എന്ന വചനം ഉണ്ടല്ലൊ.

ആശാ: സാരമുള്ള ഭയത്തെ നീ എങ്ങിനെ വിവരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/335&oldid=200037" എന്ന താളിൽനിന്ന് ശേഖരിച്ചത്