ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 73 —

വ്യാഘ്രമുഖൻ = വ്യാഘ്രത്തിന്റെ മുഖംപോലെയുള്ള മുഖമുള്ളവൻ.
കിളിമൊഴി = കിളിയുടെ മൊഴിയെപ്പോലെയുള്ള മൊഴിയുള്ളവൾ.

6. ദ്വന്ദ്വൻ.

110. അനേകനാമങ്ങളെക്കൂട്ടിച്ചേൎക്കുന്നതിന്നു ഉം അവ്യ
യം ഉപയോഗിക്കും. രാമനും കൃഷ്ണനും ഈ രണ്ടു പദങ്ങളെ
ഒരു പദമാക്കി, ഉം അവ്യയം വിട്ടുകളഞ്ഞു സമാസം ബഹു
വചനമാക്കിയാൽ രാമകൃഷ്ണന്മാർ എന്ന സമാസം ഉണ്ടാകും.
ഈ സമാസത്തിന്നു ദ്വന്ദ്വൻ എന്നു പേർ.

അമ്മയച്ഛന്മാർ, സ്ത്രീപുരുഷന്മാർ, ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രന്മാർ,
കൈകാലുകൾ.

(i) സന്ധിയിൽ ഉത്തരപദത്തിന്നു വിധിച്ച ദ്വിത്വം ദ്വന്ദ്വനിൽ വരിക
യില്ല. കടതഴചാമരങ്ങൾ, ആനതേർകുതിരകാലാൾ, കൈകാലുകൾ.

(ii) വിഗ്രഹവാക്യത്തിൽ ഘടകപദങ്ങൾ പ്രഥമയിൽ വരുന്നതുകൊണ്ടു
എല്ലാ പദങ്ങൾക്കും പ്രാധാന്യം.

(iii) ദ്വന്ദ്വനിൽ സംജ്ഞാനാമത്തിന്നു ബഹുവചനം വരും. രാമകൃഷ്ണമാർ.

7. അവ്യയീഭാവൻ.

111. ഈ സമാസം സംസ്കൃതപദങ്ങളിൽ മാത്രം ഉപ
യോഗിച്ചുകാണും. ഇതു ക്രിയാവിശേഷണമായ അവ്യയം
ആകുന്നു.

യഥാശക്തി (ശക്തിക്കു ഒത്തവണ്ണം), യഥാക്രമം (ക്രമത്തെ അനുസരിച്ചു),
അനുപദം (പിന്നാലെതന്നേ), പ്രതിദിനം (ദിനന്തോറും), അന‌്വഹം (നാൾ
തോറും), മദ്ധ്യേ സഭം (സഭയുടെ മദ്ധ്യത്തിൽ).

പരീക്ഷ. (95 — 111.)

1. സമാസം എന്നാൽ എന്തു? 2. സമാസത്തിന്നു മുഖ്യമായ ലക്ഷണങ്ങൾ
ഏവ? 3. ഏകാൎത്ഥീഭാവം, ഐകപദ്യം, സംബന്ധം ഇവയെ വിവരിച്ചു
ഉദാഹരിക്കുക. 4. പൂൎവ്വപദം, ഉത്തരപദം, ഘടകപദം ഇവയെ വിവരിച്ചു
ഉദാഹരിക്കുക. 5. സമസ്തപദം വ്യസ്തപദം ഇവ തമ്മിൽ എന്തു വ്യത്യാസം?

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/89&oldid=197359" എന്ന താളിൽനിന്ന് ശേഖരിച്ചത്