ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാർത്ഥം തന്നെയാണല്ലൊ.

വ്യാപാരി - അയ്യോ അയാളുടെ നേരെ ഞാൻ വാൾ ഓങ്ങിയതു പെരുത്തു കഷ്ടമായിപ്പോയി. അയാൾ പറഞ്ഞതെല്ലാം പിച്ചായിരുന്നുവല്ലൊ.

ആശ്രമത്തലവി - ഇവർക്കു ഇതു തുടങ്ങീട്ടു ഇപ്പോൾ എത്ര നാളായി?

അഡ്രി - തുടങ്ങിയതു ഈ ആഴ്ചയുടെ ആദ്യത്തിങ്കൽ തന്നെ ആയിരുന്നു എന്നു പറയാം. എന്നാൽ ഇന്നു ഉച്ചകഴിഞ്ഞതിൽപിന്നെ മാത്രമെ ഇത്ര അമ്പരപ്പായുള്ളു. അയ്യോ നിങ്ങൾ വല്ലവരും അകത്തോട്ടു കേറി അവരെപ്പിടിച്ചു കെട്ടിക്കൊണ്ടുവരുവിൻ.

ആശ്രമത്തലവി - ഇല്ലില്ല. ഇവിടെ ഒരു ഭൂതരും കേറിക്കൂടാ.

അഡ്രി - എന്നാലൊന്നു ചെയ്‌വിൻ. നിങ്ങളുടെ വേലക്കാരെക്കൊണ്ടു അവരെ പുറത്താക്കിച്ചുതരുവിൻ.

ആശ്രമത്തലവി - അതും സാധിക്കയില്ല. അവർ ഇങ്ങോട്ടു ഓടിക്കേറിയതു നിങ്ങളുടെ കയ്യിൽനിന്നു രക്ഷപെടുവാനിട്ടല്ലയോ? അതുകൊണ്ടു അവർക്കു സുബോധം വരുമോ ഇല്ലയോ എന്നു ഒന്നു നോക്കിയിട്ടുമാത്രമെ അവരെ ഞാൻ വിടുകയുള്ളു.

അഡ്രി - അതെന്താ നിങ്ങൾക്കു അത്ര വലിയ ഊറ്റം. അയാളുടെ ഭാര്യയാകകൊണ്ടു അയാൾക്കു വരുന്ന സുഖദുഃഖങ്ങളിലൊക്കയും അനുഭോഗക്കാരി ആകുവാനുള്ളവൾ ഞാനാണെ. ആ വകയ്ക്കു ഇന്നൊരു മുക്ത്യാർനാമക്കാരെ ആക്കുവാൻ ഭാവമില്ല.

ആശ്രമത്തിലവി - അല്പം ക്ഷമിക്കെണമേ. നിങ്ങൾ പോയി വരുവിൻ. എന്റെ ശുദ്ധമുള്ള പ്രാർത്ഥനയാൽ ഇവരെ സൌഖ്യമാക്കാമോയെന്നു നോക്കട്ടെ. അതു ഞാൻ ചെയ്യണ്ടിയ ഒരു പുണ്യപ്രവൃത്തിയാകകൊണ്ടു അതു കഴിക്കാതെ ഞാൻ ഇവരെ വിട്ടയക്കില്ല.

അഡ്രി - കൊള്ളാം. കൊള്ളാം. ഭാര്യാഭർത്താക്കന്മാരെ വേർപിരിക്കുന്നതിനോളം നല്ല പുണ്യപ്രവൃത്തി മറ്റൊന്നുമില്ല. അതുചിതമെന്നോ തോന്നിയിരിക്കുന്നത്?

ആശ്രമത്തിലവി - മിണ്ടാതെ പോകേ വേണ്ടു. ഞാൻ ഇവരെ ഇപ്പോൾ വിടുകയില്ലെന്നു പറഞ്ഞതു കേട്ടില്ലയോ?

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/51&oldid=155467" എന്ന താളിൽനിന്ന് ശേഖരിച്ചത്