ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮൮ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ഗ്നികർമ്മങ്ങൾ പഠിച്ചിരുന്നതു മൃദുക്കളായ മാംസഖണ്ഡങ്ങളിൽ പ്രവർത്തിച്ചു നോക്കീട്ടായിരുന്നു. അതുപോലെ, കുരു, വസ്തിയന്ത്രം മുതലായവയുടെ പ്രയോഗം വെള്ളം നിറച്ച കുടത്തിന്റേയും മറ്റും പാൎശ്വഭാഗങ്ങളിലുള്ള സ്രോതസ്സുകളിൽകൂടി ആവക കടത്തി നോക്കീട്ടുമായിരുന്നു പണ്ടുള്ളവർ ശീലിച്ചുവന്നിരുന്നത്.

ഇന്ത്യയിലെ ശസ്ത്രവിദ്യയ്ക്കു പിന്നെ ഈ നിലയിൽനിന്ന് ഉടവു വരുവാൻ അനേകം കാരണങ്ങളുണ്ടായിട്ടുണ്ട്. അതിൽ പ്രധാനമായിട്ടുള്ളത് സകലശാസ്ത്രങ്ങളും പഠിപ്പിക്കുവാൻ ഏകാധികാരത്തോടുകൂടിയ ബ്രാഹ്മണൎക്കു, ബുദ്ധമതകാലത്തിന്നു മുമ്പ് അവരുടെ ഇടയിൽ ധാരാളമായി നടന്നിരുന്ന മൃഗബലിയും മാംസഭക്ഷണവും തീരെ നിഷിദ്ധമായിത്തീൎന്നതു തന്നേയാണു. ഇങ്ങിനെയുള്ള വിരോധം നിമിത്തം ഓരോ അംഗങ്ങളെ കീറിക്കാണിക്കേണ്ടതിന്നും മറ്റും ഒരിക്കലും കൂടാതെ കഴിയാത്തതായ ശവം തൊടുക എന്നുള്ള കാൎയ്യത്തിലും അവർ മടിച്ചു തുടങ്ങി. അതിന്നു പുറമെ, ചോര, ചലം എന്നീവക സാധനങ്ങളെ തൊടുവാനും അവൎക്കു മടിയായിരുന്നു. ശസ്ത്രക്രിയ ചെയ്യുമ്പോൾ അതൊക്കെ കൂടാതെ കഴിയുന്നതുമല്ലല്ലൊ. ഏതായാലും ശസ്ത്രവിദ്യയുടെ കാൎയ്യം പുരോഹിതവർഗ്ഗക്കാർ ഇങ്ങിനെ അമാന്തിച്ചുതുടങ്ങിയപ്പോൾ അതു താണജാതിക്കാരുടെ കയ്യിൽകിട്ടുകയും, എന്നാൽ അവരേയും അതിൽ വേണ്ടതുപോലെ പ്രോത്സാഹിപ്പിക്കുവാൻ ആളില്ലാഞ്ഞതിനാൽ ക്രമത്തിൽ വളരെ മോശസ്ഥിതിയിലായിത്തീരുവാൻ ഇടവരികയും ചെയ്തു. എന്തിനധികം പറയുന്നു? ഒടുവിൽ, മിസ്റ്റർ എൽഫിൻസ്റ്റോൺ വാസ്തവമായി അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ, ചോര പൊട്ടിക്കുക എന്നതു ക്ഷൗരക്കാരന്റേയും, എല്ലു വെച്ചുകെട്ടുന്നതു കന്നിടയന്റേയും, പൊള്ളിക്കുന്നത് ഓരോ മനുഷ്യരുടേയും കൃത്യമാണെന്നുള്ള നിലയിൽ കലാശിച്ചു എന്നുമാത്രം പറഞ്ഞാൽ കഴിഞ്ഞുവല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/203&oldid=155599" എന്ന താളിൽനിന്ന് ശേഖരിച്ചത്