ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം൫] ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ ൭൫


നെല്ലരി ഇതൊക്കെയാണു ഭക്ഷണത്തിന്നു നല്ലത്. മധുരകഷായ തിക്തങ്ങളായ വസ്തുക്കൾ പ്രത്യേകം ഹിതമായിട്ടുള്ളതാണു. മഴവെള്ളമോ, അല്ലെങ്കിൽ പകൽ മുഴുവനും സൂൎയ്യരശ്മി തട്ടിക്കിടക്കുന്നതും [1]രാത്രിയിൽ ചന്ദ്രികയേറ്റിരിക്കുന്നതും ആയ ജലമോ (ഇതിന്നു 'ഹംസോദകം' എന്നു പേർ പറയുന്നു.) ആണു കുടിക്കേണ്ട ആവശ്യത്തിന്ന് ഉപയോഗിക്കേണ്ടത്. ഇക്കാലത്തു വെള്ളം നിയമേന രാവിലേതന്നെ കൊണ്ടുവരണം. കർപ്പൂരവും ചന്ദനവും ഉപയോഗിക്കുകയും, കനം കുറഞ്ഞ വസ്ത്രം ധരിക്കുകയും വിഹിതമാകുന്നു. പുഷ്പങ്ങൾ, ചന്ദ്രിക, ജലക്രീഡ, ലഘുക്കളും ശീതളങ്ങളുമായ ഭക്ഷണസാധനങ്ങൾ ഇതൊക്കെയും ഇക്കാലത്തു പ്രത്യേകം ഹിതമായിട്ടുള്ളതാണു. എന്നാൽ, ദധി, വ്യായാമം, അമ്ലപടൂഷ്ണങ്ങളും ക്ഷാരങ്ങളും ആയ ദ്രവ്യങ്ങൾ, ആതപം ഇവയെല്ലാം ആപൽകരങ്ങളുമാകുന്നു. ഇന്ത്യയിൽ ഇതാണു ഏറ്റവും ചീത്തയായിട്ടുള്ള കാലം. അതുകൊണ്ട് ഈ കാലത്തെ "വൈദ്യസ്യ ശാരീദീ മാതാ പിതാ ച കുസുമാകരഃ" എന്നൊരു സംസ്കൃതശ്ലോകാൎദ്ധം കൊണ്ട് ഒരു കവിവർണ്ണിച്ചിട്ടുള്ളതും ഉചിതമായിരിക്കുന്നു. ഇതിന്റെ താല്പൎയ്യം "ശരത്തു വൈദ്യന്റെ അമ്മയും, വസന്തം അച്ഛനുമാണു" എന്നാകുന്നു. എന്തുകൊണ്ടെന്നാൽ ഈ രണ്ടു കാലങ്ങളിലെപ്പോലെ വൈദ്യന്മാർക്കു മറ്റൊരു കാലത്തും അത്ര തിരക്കില്ല. അവൎക്കു സമ്പാദ്യവും ഇത്ര മറ്റൊരിക്കലും ഉണ്ടാകുന്നില്ല. "ജീവിത്വം ശരദാംശതം" എന്നുള്ള ഹിന്തുക്കളുടെ ഇടയിൽ സാധാരണയായുള്ള ആശീൎവ്വാദമാണല്ലൊ. ഇക്കാലത്തു പിത്തത്തെ കളയുവാനുള്ള വിരേകങ്ങളും, ബലവാന്മാൎക്കു രക്തമോക്ഷവും ആരോഗ്യാവഹങ്ങളാകുന്നു.


  1. സൂൎയ്യരശ്മിയുടെ ശുചീകരണശക്തിയെക്കുറിച്ചു ഹിന്തുക്കൾക്കു പൂൎണ്ണമായ ജ്ഞാനമുണ്ടായിരുന്നു എന്ന് ഇതുകൊണ്ടു തീൎച്ചയാകുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/90&oldid=155711" എന്ന താളിൽനിന്ന് ശേഖരിച്ചത്