ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാം അദ്ധ്യായം

                       ഭാഷാവിഭജനം
  ലോകത്തിൽ മൃതഭാഷകളായും ജീവൽഭാഷകളായും ഇപ്പോൾ അനവധി ഭാഷകൾ വ്യവഹാരസമർത്ഥങ്ങളായി കാണപ്പെടുന്നണ്ടെങ്കിലും  അവയിൽ പലതിനും  അതിയായ  സാരൂപ്യവും സാജാത്യവുമുണ്ട്. അപ്രകാരം തന്നെ മറ്റു പല ഭാഷകൾക്കു തമ്മിൽ വൈരൂപ്യവൈജാത്യങ്ങളും  ഇല്ലെന്നില്ല . ഈ അടുപ്പവും അകൽച്ചയും  സ്പഷ്ടമാകുന്നതിനു സർവ്വഭാഷകളേയും താഴെ നിർദ്ദേശിക്കുന്ന  രണ്ടുപാധികളെ ആശ്രയിച്ചു പരിശോധിക്കുകയും തരംതിരിക്കുകയും ചെയ്യാവുന്നതാണ്. 
  പ്രഥമോപാധി: ഭാഷകളുടെ വ്യവഹാരവിധാനങ്ങൾക്കു തമ്മിലുള്ള  സാമ്യവൈഷമ്യങ്ങളെക്കുറിച്ചുള്ള  ചർച്ചയാകുന്നു. വാക്യത്തിന്റെ അർത്ഥം,ആകാംക്ഷ എന്നിവ വെളിപ്പെടുത്താൻ വേണ്ടി പദങ്ങളുടെ നിരുക്തി, പരിനിഷ്ഠ മുതലായ പ്രക്രിയാകാര്യങ്ങളിൽ ചില ഭാഷകൾ തുല്യ സമ്പ്രദായം സ്വീകരിക്കയും മറ്റു ചിലതു ഭിന്നരീതി പ്രാപിക്കയും ചെയ്തിരിക്കുന്നു. ഇതു ഭാഷകൾക്കുള്ള നൈസർഗ്ഗികമായ വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളെയാണ് ലക്ഷീകരിക്കുന്നത്. ആകയാൽ ഈദൃശപരിശോധനമൂലം ഭാഷകളുടെ ആകാരഭേദങ്ങളും ദശാന്തരങ്ങളും വ്യക്തമാകുന്നതാണ്. 
  ദ്വിതിയോപാധി: ഭാഷയുടെ വ്യവഹാരബീജങ്ങൾക്ക് അനേകത്ര കാണുന്ന സാജാത്യം സംബന്ധിച്ചുള്ള  വിചിന്തനമാകുന്നു. ഒരേ ആശയം പ്രകാശിപ്പിക്കുന്നതിന് പല ഭാഷകളും യഥാക്രമം അംഗീകരിച്ചിട്ടുളുള  പ്രകൃതിപ്രത്യയങ്ങൾക്കു ജന്മസിദ്ധമായ ബന്ധം  കാണ്മാനുണ്ട്. . ഇത് ഭാഷാസമുച്ചയങ്ങളുടെ വംശകുടുംബാദിഭേദങ്ങൾ ഗ്രഹിക്കുന്നതിനു തക്ക ലക്ഷ്യങ്ങളാണ് . ഏതന്മൂലം എല്ലാ ഭാഷകളും ചുരുക്കം ചില മൂലഭാഷകളിൽ നിന്ന് ഉത്ഭവിച്ചവയാണെന്നുള്ള തത്വവും  അവയുടെ പൗർവ്വാപയങ്ങളും വിശദമാകുന്നതാണ് ഈ പരിശോധനയുടെ ഫലം.
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/40&oldid=213955" എന്ന താളിൽനിന്ന് ശേഖരിച്ചത്