ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

405

107.അണീമാണ്ഡവ്യോപാഖ്യാനം

മാണ്ഡവ്യമുനിയുടെ ശാപംനിമിത്തം ധർമ്മരാജാവുതന്നെയാണു വിദുരനായി ജനിച്ചതെന്നു വൈശമ്പായനൻ പറഞ്ഞതുകേട്ടു് ജനമേജയൻ ആ ശാപത്തിനുള്ള കാരണം ചോദിക്കുന്നു. വൈശമ്പായനൻ ആ കഥ പറഞ്ഞു തുടങ്ങുന്നു.അധികാരികളാൽ പിൻതുടരപ്പെട്ട ചില കള്ളന്മാർ കട്ട മുതൽ മാണ്ഡവ്യന്റെ ആശ്രമത്തിൽ വലിച്ചെറിഞ്ഞു മറയുന്നു. അധികൃതർ കള്ളന്മാരേയും മാണ്ഡവ്യനെയും പിടിച്ചു രാജാവിന്റെ മുൻപിൽ ഹാജരാക്കുന്നു. രാജാവു് എല്ലാവരേയും ശൂലാരോഹണം ചെയ്യാൻ വിധിക്കുന്നു.


ജനമേജയൻ പറഞ്ഞു
എന്തു ചെയ്തു ധർമ്മദേവൻ ഹന്ത! ശാപം ലഭിക്കുവാൻ
ഏതു മാമുനിശാപത്താൽ ജാതനായ് ശൂദ്രയോനിയിൽ? 1

വൈശമ്പായനൻ പറഞ്ഞു
ഉണ്ടായീ ബ്രാഹ്മണശ്രേഷ്ഠൻ മാണ്ഡവ്യാഖ്യാൻ പ്രസിദ്ധനായ്
ധൃതിയുള്ളോരു ധർമ്മജ്ഞൻ സത്യമേറുന്ന താപസൻ. 2

പരമാശ്രമമുൻഭാഗം മരച്ചുവടിലാ മുനി
കൈപൊക്കി നിന്നിതു മഹായോഗി മൗനവ്രതത്തൊടും 3

ഏവമൊട്ടേറെനാളാബ് ഭൂദേവൻ തപമിരിക്കവേ
കള്ളന്മാർ കട്ട മുതലൊടാശ്രമത്തിൽ കരേറിനാർ. 4

പല രക്ഷികളും പിൻപാ‍ഞ്ഞലഞ്ഞുതിരിയുമ്പൊഴേ
ആച്ചോരന്മാർ കട്ട മുതൽ ആശ്രമത്തിൽ വെച്ചുടൻ 5

പിൻ പായും കൂട്ടരെത്തീടുംമുൻപാക്കാട്ടിലൊളിച്ചുതേ.
തസ്കരന്മാരൊളിച്ചപ്പോൾ വെക്കമാ രക്ഷിസൈന്യവും 6

കണ്ടിതാ മുനിയെക്കള്ളരാണ്ടേടം തിരയുംവിധൗ.
തപസ്സെഴുന്നവനൊടു നൃപ, ചോദിച്ചിതായവർ: 7

“ദസ്യുക്കളേതുവഴിയേയൊത്തുപോയീ ദ്വിജോത്തമ!
ആവഴിക്കിജ്ജനമുടൻ പോവട്ടേ ബ്രഹ്മവിത്തമ!” 8

ഇത്ഥമാ രക്ഷിപുരുഷരൊത്തുരച്ചിട്ടു മാമുനി
നല്ലതോ ചീത്തയോ രാജൻ, ചൊല്ലിയില്ലൊരു വാക്കുമേ. 9

ആ രാജപുരുഷന്മാരങ്ങശ്രമത്തിൽ തിരഞ്ഞുടൻ
കണ്ടാരങ്ങൊളിവിൽ കള്ളന്മാരെയും കട്ട വിത്തവും. 10

അങ്കുരിച്ചൂ രക്ഷികൾക്കു ശങ്കയാ മുനിയിങ്കലും
ബന്ധിച്ചവനെയും കള്ളരൊത്തെത്തിച്ചാർ നൃപാന്തികേ. 11

രാജാവവനെയും ചോരരൊത്തു കൊൽവാൻ വിധിച്ചുതേ
അറിയാതവനെശ്ശൂലാരോഹണംചെയ്തു രക്ഷികൾ. 12

ശൂലത്തിലാ മാമുനിയെച്ചാലേ കേറ്റീട്ടു രക്ഷികൾ
മുതലുംകൊണ്ടു ചൊന്നാരപ്പൃഥിവീപാലസന്നിധൗ 13

ശൂലത്തിലേവം വളരെക്കാലമാഹാരമെന്നിയേ
തറച്ചു നില്ക്കിലും യോഗി മരിച്ചീലാ മുനീശ്വരൻ. 14

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/330&oldid=156664" എന്ന താളിൽനിന്ന് ശേഖരിച്ചത്