ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏശും നീലോല്പലമരണം ക്രോശം ദൂരത്തു വീശുവോൾ
പാരം സൗന്തര്യമുടയോളാരും സാമ്യപ്പെടാത്തവൾ, 47
ദേവദാനവയക്ഷർക്കും പ്രിയദിവ്യസ്വരൂപിണി
അവളുണ്ടായളവിലുമശരീരോക്തി കേട്ടുതേ: 48
"നാരിമാർമണിയാം കൃഷ്ണ പാരിൽ ക്ഷത്രം മുടിപ്പവൾ
സുരകാര്യം ചെയ്യുമിവൾ പരം കാലേ സുമദ്ധ്യമ; 49
ഇവൾമൂലം കൗരവർക്കും കൈവരും പെരുതാം ഭയം.”
അതു കേട്ടിട്ടു പാഞ്ചാലർ സിംഹനാദം മുഴക്കിനാർ 50
ഹർഷം മൂർച്ഛിച്ചൊരവരൈസ്സഹിച്ചില്ലപ്പൊഴീ മഹി.
അവരെക്കണ്ടപേക്ഷിച്ചാൾ പുത്രാർത്ഥം രാജ്ഞി യാജനെ; 51
“അമ്മയെന്നവരീയെന്നെയല്ലാതോർക്കല്ല"യെന്നുതാൻ.
ഏവമെന്നാൻ യാജനപ്പോൾ ഭ്രവരന്റെ രസത്തിനായ് 52
അവർക്കു പേരുമിട്ടാർ സന്തുഷ്ടരായിട്ടു ഭ്രസുരർ.
ധൃഷ്ടത്വമത്യമർഷിത്വമിഷ്ടജ്യു*മ്നത്തൊടുത്ഭവം 53
ഇവയാലീ ദ്രുപദജൻ ധൃഷ്ടദ്യുമ്നാഖ്യനായ് വരും.
കൃഷ്ണയെക്കൃഷ്ണയെന്നോതീ കൃഷ്ണവർണ്ണയുമാണവൾ 54
ഏവം മിഥുനമുണ്ടായീ മുഖത്തിൽ ദ്രുപദന്നഹോ!
പാഞ്ചാല്യനായിടും ധൃഷ്ടദ്യുമ്നനെ സ്വഗൃഹത്തുതാൻ 55
വരുത്തിയഭ്യസിപ്പിച്ചൂ ദ്രോണനസ്ത്രങ്ങളൊക്കയും.
ദൈവം ഭാവി തടുക്കാവല്ലേവമോർത്തതിബുദ്ധിമാൻ 56
ഇത്തരം ചെയ്തിതാ ദ്രോണൻ കീർത്തി രക്ഷിച്ചുകൊള്ളുവാൻ.

168. പാഞ്ചാലദേശയാത്ര

ബ്രാമണൻ പറഞ്ഞ കഥ കേട്ടു് പാണ്ഡവന്മാർ അസ്വസ്ഥരായിത്തീരുന്നു. മക്കളുടെ വല്ല്യായ്മ കണ്ടു് ആ സ്ഥലം വിട്ടു പോകുന്നതു നന്നായിരിക്കുമെന്നു കരുതി കുന്തി മക്കളോടുകൂടി പാഞ്ചാലദേശത്തേക്കു പുറപ്പെടുന്നു.


വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടു കൗന്തേയർ ശല്യമേറ്റ വിധത്തിലായ്
എല്ലാരുമസ്വസ്ഥമനസ്ഥിതി പൂണ്ടാർ മഹാബലർ. 1
അവർക്കൊക്കയുമസ്വാസ്ഥ്യമവിടെക്കണ്ടു കുന്തിതാൻ
യുധിഷ്ഠിരനൊടീവണ്ണം കഥിച്ചൂ സത്യവാദിനി. 2
കുന്തി പറഞ്ഞു
ഒട്ടുനാൾ വാണിതീ വിപ്രശ്രേഷ്ഠൻതന്റെ ഗൃഹത്തു നാം
ഭിക്ഷയേറ്റീപ്പുരത്തിങ്കൽ സൗഖ്യമേറും പ്രകാരമേ. 3

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/476&oldid=156824" എന്ന താളിൽനിന്ന് ശേഖരിച്ചത്