ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാഥാതിരഥസംഖ്യാനമംബോപാഖ്യാനവും പരം
ഇതഞ്ചാം പർവ്വമൊട്ടേറെക്കഥയെത്തിഹ ഭാരതേ 240

സന്ധിവിഗ്രഹവിസ്താരമേന്തുമുദ്യോഗപർവ്വമാം.
നൂറെറണ്പത്താറുണ്ടതിങ്കലദ്ധ്യായമൃഷികല്പിതം 241

ആറായിരത്തറുന്നൂററിത്തൊണ്ണൂറ്റെട്ടു ശരിക്കിതിൻ
ശ്ലോകങ്ങളുണ്ടു ഭഗവാൻ മഹാത്മാവാം മുനീശ്വരൻ 242

വ്യാസൻ നിർമ്മിച്ചതായിട്ടീപ്പർവ്വത്തിങ്കൽ മുനീന്ദ്രരേ!
അതിന്നുമേൽ ഭീഷ്മപർവ്വമതിചിത്രാർത്ഥമോതുവൻ 243
                                                                                                                                                                                                                                                                                                         
ജംബൂഖണ്ഡവിനിർമ്മാണം സജ്ഞയൻ ചൊന്നിതായതിൽ.
പിന്നെപ്പാണ്ഡവസൈന്യങ്ങൾ ഖിന്നഭാവം കലർന്നതായ് 244

പത്തുനാളതിഗംഭീരഘോരയുദ്ധം നടന്നുതേ.
അതിൽ പാർത്ഥൻ വിഷാദിച്ചു മതി മങ്ങുമ്പൊൾ മാധവൻ 245

മോഹം നീക്കിക്കളഞ്ഞുതാൻ മോഷഹേതൂക്തികൊണ്ടഹോ!
യുധിഷ്ഠിരഹിതത്തിനായുന്നം കൃഷ്ണനധോക്ഷജൻ 246

ചമ്മട്ടിയോങ്ങീപ്പാഞ്ഞെത്തീ ചെമ്മേ ഭീഷ്മവധത്തിനായ്
ഹരിവാക്യപ്രതോദഭിഹതിയേററ ധനജ്ഞയൻ 247

സർവ്വാസ്ത്രവിത്താം ഗാണ്ഡീവീ ദുർവ്വാരോഗ്രമഹാരണേ
ശിഖണ്ഡിയേ മുൻനിറുത്തീട്ടാഖണ്ഡലീ ധനുർദ്ധരൻ 248

തീക്ഷ്‌ണബാണങ്ങളെയ്തെയ്തു ഭീഷ്മരെബ‌്ഭുവി വീഴ്ത്തിനാൻ.
ശരതല്പത്തിലായ് വീണൂ പരം ഭീഷ്മരു കഷ്ടമേ! 249

ആറാമതാം പർവ്വമിതു ഭാരതത്തിൽ മഹത്തരം.
അദ്ധ്യായം കേവലം നൂററിപ്പതിനേഴുണ്ടിതിൽ പരം 250

ശ്ലോകങ്ങളയ്യായിരവുമെണ്ണൂറുമതിലപ്പുറം
എണ്പത്തുനാലുമീപ്പർവ്വമൊന്നായ് നിർമ്മിച്ചു നിർമ്മലൻ 251

ഭീഷ്മപ്പർവ്വത്തിൽ വേദാർത്ഥവേദി വ്യാസമഹാമുനി.
ദ്രോണപർവ്വമിനിച്ചൊല്ലാം നാനാവൃത്തമനോഹരം 252

സൈന്യാധിപത്യാഭിഷേകമാർന്നാചാര്യൻ പ്രതാപവാൻ
മഹിതൻ ധർമ്മപുത്രന്റെ ഗ്രഹണം ചെയ്വതിന്നഹോ! 253

പ്രതിജ്ഞചെയ്‌തു കരുഭൂപ്രതിപ്രീതിക്കു കേവലം:
പാർത്ഥനെസ്സംശപ്തകന്മാർ പോർത്തലാൽ ദൂരെ മാററിനാൻ. 254

ഇന്ദ്രവിക്രമനായ് മന്നോർമന്നനാം ഭഗദത്തനെ
സുപ്രതീകദ്വിപത്തോടുമപ്പോരിൽ കൊന്നിതർജ്ജുനൻ. 255

ജയദ്രഥപ്രഭൃതികളായ നാനമഹാരഥർ
പലർകൂടിക്കൊന്നിതേകബാലവീരാഭിമന്യുവേ. 256

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/49&oldid=208052" എന്ന താളിൽനിന്ന് ശേഖരിച്ചത്