ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപുത്രൻ സന്തതിക്കായിത്തപം ചെയ്തീടിനാനവൻ. 20
അവന്റെ വൻതപസ്സാലേ പിനാകി പരമേശ്വരൻ
ദേവദേവൻ പ്രസാദിച്ചു ഭഗവാൻ പാർവ്വതീപതി. 21
അവന്നേകീ കുലത്തിങ്കലോരോ സന്തതി ശങ്കരൻ
അതിനാലുണ്ടീക്കുലത്തിലെന്നുമോരോരു സന്തതി. 22
എൻ പൂർവ്വപുരുഷർക്കോരോരാണ്മക്കളുളവായിനാർ
കുലവർദ്ധിനിയായിട്ടിങ്ങെനിക്കീയൊരു കന്യയാം. 23
പുത്രനാണിതെനിക്കെന്നാണെൻ ഭാവം പുരുഷർഷഭ!
പുത്രികാപുത്രനെൻ പൗത്രനെന്നത്രേ ഭരതർഷഭ! 24
അതിനാൽ ഭാരത, ഭവാനീപ്പെണ്ണിങ്കലൊരുണ്ണിയെ
ഉണ്ടാകിത്തരികെൻ വംശവർദ്ധനയ്ക്കിതു ശുല്ക്കമാം. 25
ഈ നിശ്ചയത്തോടിവളെ സ്വീകരിക്കുക പാണ്ഡവ!

വൈശമ്പായനൻ പറഞ്ഞു
അവനവ്വണ്ണമെന്നേറ്റാക്കന്യയേ വേട്ടു പാണ്ഡവൻ 26
അവളോടൊത്തു മേളിച്ചാൻ മൂന്നുമാസം ധനഞ്ജയൻ
അവളിൽ ഗർഭമുണ്ടായശേഷം പുല്കീട്ടു കാന്തയെ 27
നൃപനോടും യാത്രചൊല്ലി വീണ്ടും തീർത്ഥങ്ങൾ ചുറ്റിനാൻ.

220. തീർത്ഥഗ്രാഹവിമോചനം

അർജ്ജുനൻ ദക്ഷിണസമുദ്രതീരത്തിലെത്തിച്ചേരുന്നു. അവിടെ ആരും ഉപയോഗിക്കാത്ത അഞ്ചു തീർത്ഥങ്ങൾ കാണുന്നു. അവിടെ മുതലകളുടെ വേഷത്തിൽ കിടന്നിരുന്ന വർഗ്ഗ മുതലായ അഞ്ചു് അപ്സരസ്ത്രീകളുടെ ശാപകാരണം മനസ്സിലാക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
തെക്കൻ സമുദ്രതീരത്തിൽ തീർത്ഥങ്ങൾ മുനിസത്തമർ
സേവിപ്പവകളുൾപ്പുക്കാൻ പിന്നെയപ്പാണ്ഡുനന്ദനൻ. 1
അഞ്ചു തീർത്ഥങ്ങൾ വർജ്ജിപ്പിതവിടെത്താപസോത്തമർ
മുന്നം താപസമുഖ്യന്മാർ പാർത്തിരുന്നവയാമവ. 2
അഗസ്ത്യതീർത്ഥം സൗഭദ്രം പൗലോമമതിപാവനം
കാരന്ധമം സുപ്രസന്നമശ്വമേധഫലപ്രദം 3
ഭരദ്വാജന്റെയാത്തീർത്ഥമേറ്റവും പാപനാശനം
എന്നേവമഞ്ചു തീർത്ഥങ്ങൾ കണ്ടിതാക്കുരുസത്തമൻ. 4
വിവിക്തസ്ഥിതിയായിട്ടായവ പാർത്തിട്ടു പാണ്ഡവൻ
ബുദ്ധിയേറും മുനീന്ദ്രന്മാർ വർജ്ജിക്കുന്നതു കാണ്കയാൽ 5
ചോദിച്ചു മുനിമാരോടായ് കൈകൂപ്പിക്കുരുനന്ദനൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/595&oldid=156916" എന്ന താളിൽനിന്ന് ശേഖരിച്ചത്