ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദുർയ്യോധനസന്താപം

871


ഉൾപ്രീതിയോടുപാസിച്ചിതഭിഷേകം മഹർഷികൾ
ജാമദഗ്ന്യനൊടുംകൂടി മറ്റുള്ളോർ വേദവേദികൾ. 11

വന്നുകൂടീ മഹാത്മാക്കളോത്തോതീ ഭൂരിദക്ഷിണം
വാനിൽ സപ്തർഷിമാർ ദേവനാഥന്നെന്നകണക്കിനെ. 12
വെണ്കൊറ്റക്കുടയങ്ങേകീ ധർമ്മപുത്രന്നു സാത്യകി
ആലവട്ടം പിടിച്ചാരങ്ങർജ്ജുനൻ ഭീമസേനനും‌‌‌‌‌‌‌‌‌‌‌‌‌‌; 13

മാദ്രീകുമാരരവ്വണ്ണം വെഞ്ചാമരകൾ വീശിനാർ.
മുൻ കല്പത്തിൽ ബ്രഹ്മദേവനിന്ദ്രന്നേകിയതേതുവാൻ, 14

ആ വാരുണം ശംഖു നല്കിയവന്നു കലശോദധി.
ശൈക്യമായ് വിശ്വകർമ്മാവു പൊന്നുകെട്ടിച്ചതായഹോ! 15

ആശ്ശംഖുകൊണ്ടു ഗോവിന്ദനഭിഷേചിച്ചു, മാഴ്കി ഞാൻ.
പൂർവ്വദക്ഷിണപാശ്ചാത്യസമുദ്രം പുക്കിതാളുകൾ 16

വടക്കുമാത്രം പോയീലാ തത്ര പക്ഷികളെന്നിയേ.
അവിടെപ്പല ശംഖപ്പോളൂതി മംഗലകാരണം 17

ശബ്ദം മുഴങ്ങുമന്നേരം രോമാഞ്ചം പൂണ്ടപായി ഞാൻ.
സ്വപ്രഭാവം കുറഞ്ഞോരു മന്നന്മാരങ്ങു വീണുപോയ് 18

ധൃഷ്ടദ്യുമ്നൻ പാണ്ഡവൻമാർ ശൈനേയൻ കൃഷ്ണനഷ്ടമൻ.
സത്വമുള്ളോർ വീര്യവാന്മാരന്യോന്യം പ്രിയദർശനർ 19

മന്നോർ ഞാനും മോഹമാണ്ടുകണ്ടപ്പോൾ വിഹസിച്ചുതേ.
പിന്നെ നന്ദിച്ചു ബീഭത്സു പൊന്നണിഞ്ഞു ചമഞ്ഞതായ് 20

അഞ്ഞൂറു കാളയെദ്ദാനംചെയ്തു വിപ്രർക്കു ഭാരത!
നാഭാഗനാ രന്തിദേവൻ മനുവും യൗവനാശ്വിയും 21

വൈന്യനാം പൃഥുരാജാവും ഭഗീരഥനരേന്ദ്രനും
യയാതി നഹുഷൻതാനുമൊക്കാ ധർമ്മതനുജനായ്. 22

അതിമാത്രം ധർമ്മപുത്രൻ പരമശ്രീയിയന്നുതേ
രാജസൂയം ചെയ്തിവണ്ണം ഹരിശ്ചന്ദ്രൻകണക്കിനെ. 23

ഹരിശ്ചന്ദ്രന്നെത്ത ലക്ഷ്മി പാർത്ഥനിൽ പാർത്തു ഞാൻ വിഭോ!
ജീവിച്ചാലുമെനിക്കുണ്ടോ ശ്രേയസ്സോർക്കുന്നു ഭാരത! 24

അന്ധനാകും വിധി യുഗം മാറ്റികല്പിച്ചു മന്നവ!
വളരുന്നൂ കനീയാന്മാർ താഴ്ന്നൂ ജ്യേഷ്ഠരേറ്റവും. 25

ഏവം പാർത്തിട്ടൊത്തിടുന്നില്ല സൗഖ്യം
നോക്കുന്നനേരത്തു കുരുപ്രവീര!
അതാണു ഞാനിത്ര മെലിഞ്ഞു പാരം
നിറം കുറഞ്ഞിണ്ടലിലാണ്ടതിപ്പോൾ. 26

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/796&oldid=157136" എന്ന താളിൽനിന്ന് ശേഖരിച്ചത്