ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഷയങ്ങളിലെ പരിജ്ഞാനക്കുറവുകൊണ്ടോ, നൈസർഗ്ഗികമായ ശീലംകൊണ്ടോ അല്ലാ പിന്നെയോ കരപറ്റുവാൻ കഴിയാത്ത ദാരിദ്ര്യത്തിന്റെ ഗരിമകൊണ്ടാണു പാച്ചു വൃത്തിഹീനനായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നതെന്ന കാര്യ്യം ആ ഹെഡ്മാസ്റ്റർ അറിഞ്ഞിരിക്കുമോ എന്തോ?

കോയിപ്പുറം കൃഷ്ണപിള്ളയുടെ ഉപദേശമനുസരിച്ചു പാച്ചു തന്റെ ദയനീയാവസ്ഥയെ വിവരിച്ചും, അതിന് എന്തെങ്കിലും പരിഹാരമുണ്ടാക്കിത്തരണമെന്നു പ്രാർത്ഥിച്ചും, ഒരു ഹർജി തയ്യാറാക്കി. അന്നത്തെ ദിവാൻജിയായിരുന്ന ടി. രാമ റാവുവിന്റെ സന്നിധിയിൽ സമർപ്പിച്ചു. പരേതനായ നാരായണപിള്ളയെ നേരിട്ടറിയുമായിരുന്ന രാമറാവു ഈ ബാലന്റെ ദയനീയസ്ഥിതിയെക്കുറിച്ചറിഞ്ഞപ്പോൾ ആർദ്രചിത്തനായിച്ചമഞ്ഞു. നാരായണപിള്ളയുടെ സർക്കാർ സേവനകാലത്തെ, മുപ്പതു വർഷത്തിനു് ഒരു വർഷമായി കണക്കാക്കി അത്രയും കാലത്തേയ്ക്കു വരുന്ന ശമ്പളത്തുക രണ്ടായി വിഭജിച്ചു്, ഒരു ഭാഗം പാച്ചുവിനും, മറ്റു പകുതി പരേതന്റെ തറവാട്ടിനും നൽകുവാൻ ദിവാൻജി ഉത്തരവു ചെയ്തു. ഈ കണക്കനുസരിച്ചു പാച്ചുവിനു് ഇരുനൂറ്റി ഇരുപത്തഞ്ചു രൂപാ കിട്ടുവാനവകാശമുണ്ടായിരുന്നു. എന്നാൽ നാരായണപിള്ളയുടെ സമ്പാദ്യം മുഴുവനും ഭാര്യ്യാപുത്രാദികൾക്കാണു ലഭിച്ചിട്ടുള്ളതെന്നും, അതിനാൽ ഗവണ്മെൻറിൽ നിന്നും അനുവദിച്ചിട്ടുള്ള തുക മുഴുവൻ തന്റെ തറവാട്ടിലേയ്ക്കു മുതൽ ചേരേണ്ടതാണെന്നും, കാണിച്ചു് ഒരു ഹർജ്ജിയുമായി പരേതന്റെ മാതുലൻ തിരുവനന്തപുരത്തെത്തി. പ്രസ്തുത ഹർജിയെക്കുറിച്ചുള്ള അവസാന തീർച്ചയ്ക്കു കാലതാമസം നേരിട്ടു. വിദ്യാഭ്യാസം തുടരുവാൻ ഉടനടി ലഭിക്കുമെന്നു പാച്ചു പ്രതീക്ഷിച്ച സർക്കാർസഹായം അങ്ങിനെ വിൽക്കപ്പെട്ടു. 'നാസിക മുറിച്ചാലും ശകുനം മിനക്കെടുത്തണ'മെന്നുള്ള മാതുലന്റെ മർക്കടമുഷ്ടി തൽക്കാലത്തേയ്ക്കു ഫലിച്ചു. -ലെ റഗുലേഷനിലവസാനിച്ച നായരുടെ മരുമക്കത്തായ ദായക്രമത്തിനെതിരായുള്ള, ചങ്ങനാശേരിയുടെ അനന്തരകാലങ്ങളിലെ തീവ്രവും ആത്മാർത്ഥവുമായ എതൃപ്പിന്റെ

പശ്ചാത്തലം ഈ സംഭവം തന്നെയോ എന്നാരായുന്നതു് കൌതുകകരമായിരിക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/26&oldid=216710" എന്ന താളിൽനിന്ന് ശേഖരിച്ചത്