ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സർക്കാരിന്റെ സഹായഹസ്തം നിർദ്ദാക്ഷിണ്യമായി തട്ടി നീക്കിയ അത്യാഗ്രഹിയായിരുന്ന വൃദ്ധമാതുലൻ അല്പകാലത്തിനുള്ളിൽ ഇഹലോകവാസം വെടിഞ്ഞു. പാച്ചു, വിനയപൂർവം മറ്റൊരപേക്ഷയുമായി ദിവാൻജിയെ സമീപിച്ചു. ആദ്യം അനുവദിച്ചിരുന്ന തുകയിൽ മുന്നൂറു രൂപാ പാച്ചുവിനു് ഉടനടി നൾകുവാനും ബാക്കി സംഖ്യ സർക്കാരിലേയ്ക്കു മുതൽക്കൂട്ടുവാനും ദയാശീലനായിരുന്ന ദിവാൻജി ഉത്തരവു ചെയ്തു. അങ്ങിനെ പാച്ചുവിനു മുൻ തീരുമാനത്തിൽനിന്നു് എഴുപത്തഞ്ചുരൂപാ കൂടുതൽ ലഭിച്ചു. പിതാവിന്റെ കുടുംബത്തിലേയ്ക്കു ആദ്യ ഉത്തരവനുസരിച്ചു കിട്ടുമായിരുന്ന തുകപോലും നഷ്ടപ്പെട്ടു. ദിവാൻ രാമറാവുവിന്റെ ദാക്ഷിണ്യപൂർവമായ തീരുമാനമനുസരിച്ചു ലഭിച്ച മുന്നൂറു രൂപായും ഉൽക്കർഷേച്ഛുവായിരുന്ന ആ ബാലൻ കാളേജുവിദ്യാഭ്യാസത്തിനു ഒരു മൂലധനമായിക്കരുതിവച്ചതല്ലാതെ, അതിലൊരു പൈസപോലും ഹൈസ്കൂൾവിദ്യാഭ്യാസകാലത്തെ താൽക്കാലികാവശ്യങ്ങൾക്കു കൂടി വിനിയോഗിക്കുവാൻ തുനിഞ്ഞില്ല. അതിനാൽ ഹൈസ്കൂൾവിദ്യാഭ്യാസത്തിനാവശ്യമുള്ള പണം അന്വേഷിക്കേണ്ട ഭാരം അപ്പോഴും അവശേഷിച്ചിരുന്നു.

എന്നാൽ ഇക്കാലത്തുതന്നെ പാച്ചുവിന്റെ ഭാവി ജീവിതഗതിയേ സാരമായി സ്പർശിക്കയും, ഏറക്കുറെ രൂപവൽക്കരിക്കയും ചെയ്ത മറ്റൊരു സംഭവമുണ്ടായി. നായർസമുദായോദ്ധാരകൻ എന്നു വിഖ്യാതനായ സി. കൃഷ്ണപിള്ളയെ നേരിട്ടു കാണുവാനും, അദ്ദേഹത്തിന്റെ പരിചയവും സ്നേഹവും ആർജ്ജിക്കുവാനും ഇക്കാലത്തു പാച്ചുവിനു് അവസരം ലഭിച്ചു, എന്നുള്ളതായിരുന്നു ഇതു്. കോയിപ്പുറം കൃഷ്ണപിള്ള പാച്ചുവിന്റെ ദുർഘടം നിറഞ്ഞ ജീവിതത്തെക്കുറിച്ചു് ഒന്നിലധികം തവണ സീ. കൃഷ്ണപിള്ളയോടു പറഞ്ഞിരുന്നു. കൃഷ്ണപിള്ള പാച്ചുവിനെ നേരിട്ടു

കാണുവാൻ കൌതുകം പ്രദർശിപ്പിച്ചു. അനന്തരകാലങ്ങളിൽ സമുദായപരമായ ജനസേവനപ്രവർത്തനങ്ങളിൽ താൻ ഗുരുനാഥനായി വരിച്ച ആ മഹാശയന്റെ സന്നിധിയിലേയ്ക്കു കൂപ്പുകയ്യോടുകൂടി നടന്നു പോകുമ്പോൾ പാച്ചുവിന്റെ കാലുകൾ വിറക്കയും ശരീരം ത്രസിക്കയും ചെയ്തു. പിതാവിന്റെ മരണത്തിനു ശേഷം തനിക്കു നേരിടേണ്ടിവന്ന സന്താപകരങ്ങളായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/27&oldid=216711" എന്ന താളിൽനിന്ന് ശേഖരിച്ചത്