ആരുരുനേർമിഴിയാൾതന്നഗ്രജനെത്തുണച്ചാൻപോയ്
സാരഥിയായ് ബൃഹന്നള, സൗഹാർദ്ദനിഘ്‌നൻ.
ചാരവേ താൻ സാധുകണ്ടാൻ സാഗരത്തിൻ സമതയിൽ
വീരശൂരവിശിഷ്‌ടമാം വിപക്ഷസൈന്യം.
ശാന്തനവൻ ഭാരദ്വാജനശ്വത്ഥാമാവങ്ങ്ഗരാജൻ
ശാരദ്വതൻ സുയോധനൻ ദുശ്ശാസനാദ്യർ;
ഹസ്‌തികൾതൻ ബൃംഹിതങ്ങൾ, ഹയങ്ങൾതൻ ഹേഷിതങ്ങൾ;
പത്തികൾതൻ ഭയങ്കര സിംഹനാദങ്ങൾ.
തേരുരുളുമൊലിയിടി; വാളുലയും പിളർമിന്നൽ;
ഘോരചാപനിര തൂകും കൂരമ്പുമാരി;
ആക്കുമാരനവയെല്ലാമാദ്യമായ്‌ക്കണ്ടംബരന്നു
ശീഘ്രമായ്‌ത്തേർ തിരിക്കുവാൻ ജിഷ്‌ണുവോടോതി.
"മാനമില്ലേ നിനക്കെന്റെ മത്സ്യരാജകുമാര? നീ
ഭൂനതാങ്ങ്‌ഗി പുണരുന്ന പുണ്യവാനല്ലേ?
ആണവാക്കുമറുത്തു നീയാണത്തംവിട്ടങ്ങു ചെന്നാൽ
പാണികൊട്ടിച്ചിരിക്കില്ലേ ഭാമിനീ ലോകം?"
എന്നുരയ്‌ക്കും സാരഥിയോടേവമവനോതി; നിന--
ക്കെന്നെക്കൊല്ലിച്ചെന്തുവേണമെൻ ബൃഹന്നളേ?
മാനമൊന്നുണ്ടുയരത്തിൽ; വാസവൻഠൻ വാസഗേഹം;
മാനവൻ ഞാനിരിപ്പതോ മർത്യലോകത്തിൽ
ആരുവേണം ചിരിക്കട്ടെ;യാരുവേണം കരയട്ടെ;
ആരവരിൽ പ്രതിഭൂവെന്നായുസ്സിന്നാവോ?
ഇത്രനാളും ഭുജിച്ചില്ലേ ഗോരസം ഞാ,നിനിത്തെല്ലു
ശുദ്ധജലം കുടിച്ചാലും ദോഷമെന്തുള്ളൂ;
മാടു വേണ്ടാ! വീടു വേണ്ടാ! നാടു വേണ്ടാ; നമുക്കൊന്നും
കൂടുവിടും പ്രാണനെക്കാൾ കൂടുതലല്ല.
ഭോഗ്യമായിട്ടെത്രകൂട്ടം ഭൂവിലുണ്ടു? നപുംസക--
മാക്കഥ നീയറിവോളല്ലാർക്കെന്തുചെയ്യാം?
ദൂഷ്യമില്ലെൻ ജനിത്രിതൻമുന്നിലെന്നെയണയ്‌ക്കൂ! ഞാൻ
കാശ്യപിതന്നഭിസാരം കാമിപ്പോനല്ല."
അപ്പോളോതി ധനഞ്ജയനാരുതാനെ, ന്നതു കേട്ടേ--
യല്‌പമൊരു ഭയമവന്നകന്നതുള്ളു.
ആഹവത്തിലരിശ്രേണിക്കാകമാനം സവ്യസാചി
മോഹനാസ്ര്തം പ്രയോഗിച്ചു മൂർച്ഛ നല്‌കവേ
ഉത്തരമാം ക്ഷണത്തിങ്കലുത്തരൻ ചെന്നവരുടെ--
യുത്തരീയം കട്ടുകൊണ്ടാനൂർജ്ജിതത്തോടെ.
താൾ:Chithrashala.djvu/16
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല