സ്വാർത്ഥമേ! നിൻ മറിമായമെന്തുചൊൽവൂ! വരുത്തീലേ
ശ്രാദ്ധദേവതനയന്നും സത്യഭങ്ഗം നീ?
വില്ലുകൊണ്ടു ലഭിക്കുവാൻ വിഷമമാം വിജയത്തെ-
ക്കല്ലുവെച്ച കളവോതിക്കരസ്ഥമാക്കി
നാലുവിരലവനിയിൽ തടപടത്തേരുരുൾ താഴ്ത്തി-
ക്കാലപുത്രൻ നിജഗുരുകാലനായ്ത്തീർന്നു
ധർമ്മജനിൽ വിശ്വാസത്താൽ-തനയനിൽ വാത്സല്യത്താ-
ലമ്മഹാത്മാവത്തരത്തിലസ്തസത്വനായ്
സാദമുറ്റു യോഗയുക്തൻ തൽക്ഷണത്തിലർക്കബിംബം
ഭേദനം ചെയ്തതിൽ മിന്നി വേറിട്ടൊരർക്കൻ
തേർത്തടത്തിൽ കിടക്കുന്ന ജീവനറ്റ തദ്വപുസ്സി-
ലാർത്തണഞ്ഞു കത്തിയോങ്ങിക്കഴുത്തുവെട്ടി,
അരുതരുതൊരു വിരുതിതിലില്ലെനിരുപാടും
പൊരുതുവോർ തെരുതെരെ വിലക്കിനിൽക്കെ
ധൃഷ്ടദ്യുമ്നൻ ജിതകാശി തൃപതനായിത്തിരിച്ചെത്തി
പിഷ്ടപേഷകൃതകൃത്യൻ, ബീഭത്സവൃത്തൻ
വൻപിനോടശ്ശവത്തിന്റെ മസ്തകത്തിൽക്കഴൽ-വെച്ചു
തൻപഴയ കുടിപ്പക വീട്ടിനാൻ ജാൽമൻ
കുറ്റമല്ല കൊടുംക്രോധക്കോളിലുള്ളമുലഞ്ഞുല-
ഞ്ഞറ്റക്കൈക്കു നടുരാവിലാശരകല്പൻ
പാദതലാഹതികൊണ്ടപ്പാതകിയെക്കൊലചെയ്‌വാൻ
വീതശങ്കമുറച്ച്തു വിഭ്രാന്തൻ ദ്രൗണി
"അരുതിമ്മട്ടപചാര, മവിടുന്നെൻ കഥയൊരു
കരുകൊണ്ടു കഴിക്കുവാൻ കനിയണമേ?"
എന്നിരന്നു കരയുന്ന പാർഷതൻതൻ തനയനെ-
ത്തന്നുടയ കഴൽകൊണ്ടു ചവിട്ടി വീണ്ടും
"ഇല്ലയല്ലോ ഗുരുദ്രോഹിക്കേതു ശസ്ത്രക്രിയകൊണ്ടും
നല്ലലോക"മെന്നു ചൊല്ലി ദ്രോണകുമാരൻ
ഉടനടിയടിച്ചിടിച്ചൊടിച്ചുടച്ചവനുടെ
തടി പൊടിതവിടാക്കിത്തകർത്തുവിട്ടു
പാണ്ഡവേയ പതിപ്രാണ, ഭാരതീയപൗരുഷത്തിൻ-
താണ്ഡവക്കൂത്തരങ്ങുതാന്ദ്രൗപദീദേവി
പെൺവടിവിലാണ്മവന്നു പൃഥിവിയിൽപ്പിറന്നതാ-
ണിമ്മഹിളാമണി, യതിന്നീഷലില്ലീഷൽ
താൾ:Chithrashala.djvu/18
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല