"ഭാരതക്ഷമേ! നിന്റെ പെണ്മക്കളടുക്കള-
ക്കാരികൾ, വീടാം കൂട്ടിൽക്കുടുങ്ങും തത്തമ്മകൾ,
നരന്നു ഗർഭാധാനപാത്രങ്ങ,ളാജന്മാന്തം
പരതന്ത്രകൾ, പശുപ്രായക,ളബലകൾ.
ആടയും പണ്ടങ്ങളും കൊണ്ടു മെയ്യാകെക്കൂടി
മൂടിന യന്ത്രക്കിളിപ്പാവകൾ, വരാകികൾ;
എങ്ങവർ പതിതകൾ സഹധർമ്മിണീഗൃഹ-
മങ്ഗലദേവതാദിനാമങ്ങൾക്കനർഹകൾ?
ഭാരതക്ഷമേ! ഹാ! നിൻ ലാളനം തനിക്കുന്നു
പുരുഷന്മാരിൽ; നീയും സ്ത്രീകൾക്കു മാതാവാമോ?
ഒരു കാൽ നീർക്കെട്ടാർന്നും, മറ്റേക്കാൽ മെലിഞ്ഞിട്ടും,
മരുവും നിനക്കേതു മാർഗ്ഗത്തിൽപ്പുരോഗതി?
അപരിഷ്കൃത താൻ നീ;യറിവറ്റവൾ താൻ നീ;-
യപഥസ്ഥിത താൻ നീ;യനുകമ്പ്യയും താൻ നീ;
നിൽക്കൊല്ലേ സമക്ഷത്തു ലോകരേ!പാപിഷ്ഠയാ-
മിക്കുഷ്ഠരോഗാർത്തയെത്തീണ്ടൊല്ലേ! നശിക്കൊല്ലേ!"
ഇമ്മട്ടിൽക്കടന്നോതിയിന്നലെ ദ്വിപാത്തായൊ-
രമ്മെരിക്കതൻ വിത്താമമ്മേയോദ്ധ്വരശ്ശിണി
അല്പവും ധരിച്ചോളല്ലമ്മതൻ പരമാർത്ഥ-
മപ്പച്ചപ്പരിഷ്കാരക്കാരിയാം ചട്ടക്കാരി!
അമ്മതാമ്മതൻ മൊഴിയമ്പുകൾ ഭരതോർവി-
യമ്മതൻ ചെവിക്കുള്ളിലാഞ്ഞാഞ്ഞു തറയ്ക്കയായ്
ഖേദിച്ചാളപാരമായദ്ദേവിയിമ്മട്ടുള്ള
കാതറൈൻ മേയോവിന്റെ കൈകൊട്ടിക്കളിപ്പാട്ടിൽ