ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ചിന്തിച്ചാൾ: "എങ്ങോ മേവുമിപ്പുത്തൻപെൺപൂമ്പാറ്റയ്-
ക്കെന്തിങ്ങു ബന്ധം വരാൻ; എന്നെക്കൊണ്ടോരോന്നോതാൻ?
മുത്തശ്ശിക്കില്ലേതുമേ സൗന്ദര്യമെന്നിമ്മുഗ്ദ്ധ
മുത്തണിപ്പോർക്കൊങ്കകൾ തുള്ളിച്ചു ജല്പിക്കുന്നു.
കാർമുകിൽ മറച്ചിടും വാനത്തിൽ ജ്യോതിർഗ്ഗണം
കാണ്മതിന്നരിപ്പമെന്നോതുന്നു കണ്ണില്ലാത്തോൾ
പങ്കത്തിൽപ്പുരണ്ടതാം പത്മരാഗത്തെപ്പാർത്തു
ശങ്കവിട്ടുരയ്ക്കുന്നു മഞ്ചാടിയെന്നിശ്ശിശു
ബ്രിട്ടനും ഞാനും തമ്മിൽ ബന്ധുക്കൾ; ഞങ്ങൾക്കുണ്ടാ-
മിഷ്ടത്തിൻ വിവർത്തമാം വാക്തർക്കം മിതഃസ്ഥിതം
അമ്മെരിക്കേ! ഹാ! വെറും മിന്നൽപോലെന്നിൽ പായും
നിന്മക്കൾക്കെന്തിതിങ്കൽ മാധ്യസ്ഥ്യ-ദീക്ഷാന്യായം?
ഹന്ത! ഞാൻ പെണ്മക്കളിൽ പ്രീതിയില്ലാത്തോൾപോലു-
മെന്തബദ്ധമിക്കുട്ടി ധാർഷ്ട്യത്തിൽപ്പുലമ്പിപ്പോയ്!
ആനഖാന്തവും പിന്നെയാശിഖാന്തവും വാച്യം
നീ നിന്റെ മുറ്റം തൂത്താലെത്ര നന്നതെൻ വത്സേ!
ദുർഭള്ളാം വിഷം ചേർന്ന നിൻ സാന്ത്വവാക്യാംഭസ്സാ-
ലല്പവും ശമിക്കുവോന്നല്ലെന്റെയന്തർദ്ദാഹം;
പാരിക്കും വിശപ്പിലും ഞാൻ നിന്റെ കരം വീഴ്ത്തും
കാരുണ്യപ്പിച്ചയ്ക്കായിക്കൈക്കുമ്പിൾ കാണിപ്പീല."

iii


ഹിമവൽ പർവ്വതത്തിൽ നിവസിക്കുന്നുണ്ടൊരു
സമലോഷ്ടാശ്മജാംബൂനദനാം തപോധനൻ;
അരയപ്പെൺപൈതലിൻ മകനായ്പ്പിറന്നു നാ-
ന്മറകൾ പകുക്കുവാൻ സാധിച്ച മഹാഭാഗൻ;
പാരിതിൻ നന്മയ്ക്കായിപ്പഞ്ചമം വേദം മഹാ-
ഭാരതം ഗാനം ചെയ്ത ഭഗവാൻ ശുകഗുരു;
വേറെയും പുരാണോക്തിപീയൂ-ഷം ധരിത്രിയിൽ
ധാരധാരയായ്പ്പെയ്ത സൗജന്യഘനാഘനം;

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/3&oldid=157855" എന്ന താളിൽനിന്ന് ശേഖരിച്ചത്