നൂനം ത്വൽപുരോഭൂവിൽ സാധ്വിയാമെന്നമ്മയെ--
യാനനാവഗുണ്ഠനം നീക്കി ഞാൻ നിർത്തിത്തരാം.
കണ്ടിടാമപ്പോൾ തത്വം കണ്ണിന്നു; കൈക്കൊൾകെന്റെ
പണ്ടത്തെച്ചിത്രശാല നൽകുവോരാതിഥ്യത്തെ.
മിക്കതും പാർക്കാമങ്ങേക്കന്നേരമെന്നമ്മയ്ക്കു
മക്കളോ മകളരോ വാത്സല്യം വായ്പോരെന്നായ്."
ആദിയിങ്കൽ മഹർഷിയൊരാലേഖ്യത്തിൻ സമീപത്തിൽ
പ്രീതിപൂണ്ടു നയിച്ചാനപ്പേശലാംഗിയെ;
അരുളിച്ചെയ്കയും ചെയ്താൻ; "അയി! കാൺക പടമിതി--
ലൊരു പു-മാനേയും നീ തൽഭഗിനിയേയും.
മാമലകൾക്കരചന്റെ മക്കളിവരിരുവരു--
മീമഹിളാമണി ഗൗരി,യേട്ടൻ മൈനാകം
കലികൊണ്ടു മപ്പടിച്ചു കലഹത്തിന്നമരേന്ദ്രൻ
കുലിശവുമുലച്ചുലച്ചണഞ്ഞീടവേ
ശത്രുവിന്റെ മാർത്തടമോ സപ്തസപ്തി മണ്ഡലമോ
ശസ്ത്രമെയ്തു പോർക്കളത്തിൽപ്പിളർന്നീടാതെ;
അതിവൃദ്ധൻ ജനകനെത്തുണയ്ക്കാതെ; മഹീഭൃത്തിൻ
സ്വധർമ്മത്തെ സ്വല്പംപോലുമനുഷ്ഠിക്കാതെ;
തൽക്ഷണത്തിലിവൻ പാഞ്ഞു സാഗരത്തിനകം ചാടി
പക്ഷലാഭചരിതാർത്ഥൻ പരമഭീരു.
അവിടെ നാൾ കഴിക്കയാണടിമയായ്ജ്ജലപതി--
ക്കവനതശിരസ്സാമീയധമജന്തു.
ഇവനുടെയവരജ ഭഗവതിയപർണ്ണയോ
കുവലയമിഴിമാർക്കു കുലാലങ്കാരം.
എത്ര കാമൻ തുണച്ചാലു,മേതു കണ പൊഴിച്ചാലു--
മെത്രമാത്രം പരിസരമൊത്തുവന്നാലും.
പൂവൽമേനിപ്പുറത്തൊലിപ്പൂച്ചുകണ്ടു മയങ്ങുന്ന
കേവലനാ വിടനല്ല ദേവൻ ഗിരീശൻ;
എന്നറിഞ്ഞു തനുമദം സന്ത്യജിച്ചു തപസ്സിനാൽ
തന്നകതാർ തനിസ്സത്വസമ്പന്നമാക്കി