ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦ താൻ തന്നെ പരീക്ഷിതനായി കഷ്ടം അനുഭവിച്ചിരിക്കയാൽ,
പരീക്ഷിക്കപ്പെടുന്നവൎക്കു സഹായിപ്പാൻ മതിയാകുന്നു. എബ്ര. ൨, ൧൮.

ശക്തി നമുക്കില്ലെങ്കിലുമതിനൊരു യുക്തി പ്രയോഗിച്ചീടുവനധുനാ ॥
ധൂൎത്തന്മാരൊടു ധൂൎത്തത കാട്ടാമോൎത്താൽ പാതകമില്ലതിനേതും ।
ധാത്രിയിലതിനാൽ കീൎത്തി പരക്കും മൎത്ത്യർ വിശേഷാൽ പുകഴും നമ്മെ ॥
ഇത്തരമോൎത്തു സൃഗാലനുമുള്ളിൽ സത്വരമുരഗത്തോടുര ചെയ്താൻ ।
ഉത്ഭടപന്നഗ നിന്നുടെ വാക്യമൊരത്ഭുതമായ്തോന്നുന്നിതു ഹൃദയെ ॥
ഏറ്റം ചെറിയൊരു സഞ്ചിയിൽ നീ പോയ് ചുറ്റിക്കൂടിയതെങ്ങിനെ സുമതെ ।
ഇത്ര തടിച്ചൊരു നിന്റെ ശരീരം തത്ര പിടിപ്പതു ചിത്രം ചിത്രം ॥
കണ്ണുകളാലിതു കണ്ടല്ലാതെ നണ്ണുവതിന്നു പ്രയാസമിനിക്കു ।
വഞ്ചനമതിനു സമൎത്ഥതയേറും വഞ്ചുകനിങ്ങിനെ ചൊന്നതു കേട്ടു ॥
നെഞ്ചകമതലതികൌതുകമോടക്കഞ്ചുകിയും കാണ്മെന്നുര ചെയ്തഥ ।
ചഞ്ചലഹീനം പധികനിൽനിന്നസ്സഞ്ചിയെ വാങ്ങിക്കൊണ്ടതിനുള്ളിൽ ॥
കിഞ്ചന താമസമെന്നിയെ പുക്കാൻ പുഞ്ചിരി പൂണ്ടു സൃഗാലനുമപ്പോൾ ।
സഞ്ചി മുറുക്കുകയെന്നുടനെ നയനാഞ്ചലമതിനാലഭിനയമേകി ॥
പഞ്ചജനൻ ക്ഷണമതു ബോധിച്ചസഞ്ചി മുറുക്കിക്കെട്ടി വരിഞ്ഞാൻ ।
അഞ്ചാതവനൊരു വടിയാലുടനെ അഞ്ചാറുരു പ്രഹരിച്ചാൻ തക്ഷയാ ॥
അസ്ഥി തകൎന്നഥ വീൎപ്പും മുട്ടിച്ചത്തിതു ദുഷ്ടൻ പന്നഗമൂഢൻ ।
പ്രത്യുപകാരം ചെയ്യേണ്ടതു വിട്ടത്യപകാരം ചെയ്വാൻ പോയാൽ ॥
ഇത്തരമാപത്തത്യരമണയുവതെത്രയുമുത്തമമത്രെ നിനച്ചാൽ ।
മൎത്ത്യനിവണ്ണം ജംബുകകൃപയാൽ മൃത്യുഭയം തീൎന്നാശു തെളിഞ്ഞു ॥
അത്തലശേഷം വിട്ടഥ ശിവയോടത്യാദരമൊടു യാത്ര വഴങ്ങി ।
ചിത്താനന്ദസമന്വിതനായ് നിജപത്തനസീമനി ചെന്നു വസിച്ചാൻ ॥

പഴഞ്ചൊൽപാട്ടു.

കളമ്പാട്ടിന്റെ രീതി.

സത്യ ചങ്ങാതികളിൽ പരമായ്സാധിപ്പിക്കയില്ലായുധശക്തി ।
കള്ളമുള്ളൊരു മിത്രത്തിനേക്കാൾ കാഠിന്യമുള്ള ശത്രുക്കൾ നല്ലു ॥
വിഗ്രഹാരാധനങ്ങൾ ചെയ്തീടും മൎത്ത്യൻമാനസെ മൃത്യു പാൎക്കുന്നു ।
ബന്ധുത്വത്തിൽ വിഷമായിടുന്നു കാഞ്ഞിരംപോൽ കൈപ്പുള്ള ഹാസ്യം ॥
മായമറ്റു നടത്തിക്കുമല്ലൊ സ്നേഹമായൊരു വസ്തുവെപ്പോഴും ।
തോഴൻ തന്നെ തിരിച്ചറിഞ്ഞീടാൻ നോക്കെണമവൻ സംസൎഗ്ഗജാലം ॥
ആയുധങ്ങളോടു കലഹിക്കും വേല ശീലമില്ലാത്ത മനുഷ്യൻ ।
മിന്നാമിന്നിപോൽ മിന്നുന്നതെല്ലാം പൊന്നല്ലെന്നതുമോൎത്തീടവേണം ॥
ആവശ്യത്തിൽ തുണ ചെയ്തീടുന്ന മിത്രം മാത്രമെ മിത്രമാകുന്നു ।
നന്മയായുള്ള നാമങ്ങളെല്ലാം ഏറ്റം നല്ലതു പൊന്നിനേക്കാളും ॥
വിത്തത്തിൽ വാഞ്ച്ഛയേറും മനുഷ്യനെപ്പോഴും ഫലം ദാരിദ്ര്യമത്രെ ।
നന്മയായുള്ള വാക്യങ്ങൾക്കേതും തിന്മ വന്നു പിണകയുമില്ല ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/64&oldid=183222" എന്ന താളിൽനിന്ന് ശേഖരിച്ചത്