ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ട്, മറുവശത്ത് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതൽ സമഗ്രമായി ചൂഷണം ചെയ്തിട്ടും; എന്നുവച്ചാൽ, കൂടുതൽ വ്യാപകവും കൂടുതൽ വിനാശകാരിയുമായ പ്രതിസന്ധികൾക്ക് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാർഗ്ഗങ്ങൾ അധികമധികം അടച്ചുകൊണ്ടും.

ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താൻ ബൂർഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങൾതന്നെ ഇന്ന് ബൂർഷ്വാസിയുടെ നേർക്ക് തിരിഞ്ഞിരിക്കുന്നു.

എന്നാൽ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങൾ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂർഷ്വാസി ചെയ്തിരിക്കുന്നത് ; ഈ ആയുധങ്ങളെടുത്ത് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി - ആധുനിക തൊഴിലാളി വർഗ്ഗത്തെ - അത് സൃഷ്ടിച്ചിട്ടുണ്ട്.

ബൂർഷ്വാസി - അതായത് മൂലധനം - വികാസം പ്രാപിക്കുന്ന അതേ അനുപാതത്തിൽത്തന്നെ ആധുനികതൊഴിലാളിവർഗ്ഗവും വളരുന്നു. ജോലി കിട്ടാൻ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വർദ്ധിപ്പിക്കുന്ന കാലത്തോളംമാത്രം ജോലി കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വർഗ്ഗമാണ് തൊഴിലാളി വർഗ്ഗം. അല്പാല്പമായി സ്വയം വിൽക്കേണ്ടിവരുന്ന ഈ വേലക്കാർ മറ്റേതു വ്യാപാരസാമഗ്രിയേയും പോലെ ഒരു ചരക്കാണ്; തൽഫലമായി, മത്സരത്തിന്റെ എല്ലാ ഗതിവിഗതികൾക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങൾക്കും അവർ ഇരയായിത്തീരുന്നു.

വിപുലമായ തോതിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും തൊഴിൽ വിഭജനം നിമിത്തവും തൊഴിലാളികളുടെ വേലയ്ക്ക് എല്ലാ വ്യക്തിത്വവും, തൽഫലമായി തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ആകർഷകത്വവും നശിച്ചിരിക്കുന്നു. അവൻ യന്ത്രത്തിന്റെ വെറുമൊരു അനുബന്ധമായിത്തീരുന്നു. ഏറ്റവും ലളിതവും ഏറ്റവും മുഷിപ്പനും ഏറ്റവും എളുപ്പത്തിൽ നേടാവുന്നതുമായ സാമർത്ഥ്യം മാത്രം അവനുണ്ടായാൽ മതി. അതുകൊണ്ട് ഒരു തൊഴിലാളിയുടെ ഉല്പാദനച്ചെലവ് അവന്റെ നിലനിൽപ്പിനും വംശവർദ്ധനവിനും വേണ്ട ഉപജീവനമാർഗ്ഗങ്ങളിൽ ഒട്ടുമുക്കാലും പൂർണ്ണമായി ഒതുങ്ങിനിൽക്കുന്നു. പക്ഷേ, ഒരു ചരക്കിന്റെ വിലയും അതുകൊണ്ട് അദ്ധ്വാനത്തിന്റെ വിലയും28 അതിന്റെ ഉല്പാദനച്ചെലവിനു സമമാണല്ലോ. അപ്പോൾ തൊഴിലിന്റെ അനാകർഷത്വം എത്രത്തോളം വർദ്ധിക്കുന്നുവോ, അതേ തോതിൽ കൂലി കുറയുന്നു. മാത്രവുമല്ല, യന്ത്രങ്ങളുടെ ഉപയോഗവും തൊഴിൽ വിഭജനവും വർദ്ധിക്കുന്ന തോത്തിൽത്തന്നെ അദ്ധ്വാനത്തിന്റെ ഭാരവും കൂടി വരുന്നു- ഒന്നുകിൽ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/11&oldid=157864" എന്ന താളിൽനിന്ന് ശേഖരിച്ചത്