പുരോഹിതൻ എന്നും ജന്മിയുടെ കൈ കോർത്തുപിടിച്ചു നടന്നിട്ടുള്ളതുപോലെതന്നെ, പൗരോഹിത്യസോഷ്യലിസം എന്നും ഫ്യൂഡൽ സോഷ്യലിസത്തിന്റെ കൂടെയാണ്.
ക്രിസ്ത്യൻ സന്യാസത്തിനു് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറ്റൊന്നില്ല. ക്രിസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തേയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്കു പകരം ദാനധർമ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്ന് അത് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിന്റെ ഹൃദയവേദനകളെ ശുദ്ധീകരിക്കാൻ പുരോഹിതൻ തളിക്കുന്ന തീർത്ഥജലംമാത്രമാണ് ക്രിസ്ത്യൻ സോഷ്യലിസം.
ബി) പെറ്റിബൂർഷ്വാ സോഷ്യലിസം
ഫ്യൂഡൽ പ്രഭുവർഗ്ഗം മാത്രമല്ല ബൂർഷ്വാസി നിമിത്തം നാശമടഞ്ഞത്, ആ വർഗ്ഗത്തിന്റെ ജീവിതോപാധികൾ മാത്രമല്ല ആധുനികബൂർഷ്വാ സമൂഹത്തിന്റെ അന്തരീക്ഷത്തിൽ വാടി നശിച്ചത്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥരുമാണ് ആധുനിക ബൂർഷ്വാസിയുടെ പൂർവ്വികർ. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളർന്നിട്ടുള്ള രാജ്യങ്ങളിൽ, ഉയർന്നു വരുന്ന ബൂർഷ്വാസിയോടൊപ്പം ഈ രണ്ടു വർഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ട്.
ആധുനിക നാഗരികത പൂർണ്ണമായി വളർന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളിൽ, പുതിയൊരു പെറ്റിബൂർഷ്വാവർഗ്ഗം രൂപം കൊണ്ടിട്ടുണ്ട്. തൊഴിലാളി വർഗ്ഗത്തിനും ബൂർഷ്വാസിക്കുമിടയ്ക്ക് ആടിക്കളിക്കുകയും ബൂർഷ്വാവർഗ്ഗസമൂഹത്തിന്റെ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വർഗ്ഗമാണിത്. എന്നാൽ മത്സരത്തിന്റെ പ്രവർത്തനം കൊണ്ട് ഈ വർഗ്ഗത്തിൽപ്പെട്ട വ്യക്തികൾ നിരന്തരം തൊഴിലാളിവർഗ്ഗത്തിന്റെ അണികളിലേക്ക് പി